ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിൻ്റെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ദിവസങ്ങളായി കാലാവസ്ഥ പ്രതികൂലമായതോടെ കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും ക്ഷാമമായി. ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം കിട്ടാനില്ല. വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 10 മന്ത്രിമാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.
അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നു ഇന്ന് ആന്ധ്രയിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഇന്നലെ ഉച്ചയ്ക്ക് നെല്ലൂരിനും മിച്ചില്ലപട്ടണത്തിനും ഇടയിലുള്ള ബാപട്ടില്ലയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കരതൊട്ട ചുഴലിക്കാറ്റ് ഇന്നത്തോടെ ദുർബലമാകും.