കൊച്ചി: വിദേശത്ത് നിന്ന് വളർത്ത് മൃഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാൻ അവസരമൊരുക്കി കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട് (സിയാൽ). ഇതിനായി കൊച്ചി വിമാനത്താവളത്തിൽ ആനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് സെൻ്റർ ആരഭിച്ചു. ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ സർവീസ് സെൻ്റർ ഉദ്ഘാടനം ചെയ്തു.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ സ്ഥിതിചെയ്യുന്ന ആനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സെന്ററിലൂടെ മാത്രമേ വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ നേരത്തെ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ കൊച്ചി വിമാനത്താവളത്തിൽ ആനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് സെൻ്റർ ആരംഭിച്ചത് വിദേശികൾക്ക് ഏറെ സൗകര്യപ്രദമായിമാറിയിരിക്കുകയാണ്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് അനിമൽ ഹസ്ബൻഡറി ആൻഡ് ഡയറി ഡിപ്പാർട്ട്മെൻ്റ് അഡീഷണൽ സെക്രട്ടറി വർഷ ജോഷി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ഈ തീരുമാനത്തോടുകൂടി വിദേശികളുടെ ഏറെ നാളത്തെ ആവശ്യം പൂർത്തീകരിച്ചതായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.