കൊച്ചി : കേരളത്തിലെ ഏക മേജർ തുറമുഖമായ കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി. മുംബൈയിൽ സമാപിച്ച ഗ്ലോബൽ മാരിടൈം ഉച്ചകോടിയിൽ വിവിധ പദ്ധതികൾക്കായി 6 ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഹാൻഡ്‌ലിങ് ശേഷി വർധിപ്പിക്കുന്നതിനും ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ (എഫ്ടിഡബ്ല്യുസെഡ്) സ്ഥാപിക്കുന്നതിനായി ഇന്ത്യ ഗേറ്റ്‌വേ ടെർമിനൽ, സ്റ്റോറേജ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ്, വില്ലിങ്ഡൺ ഐലൻഡിൽ വെയർഹൗസ് സ്ഥാപിക്കുന്നതിനായി കാസ്പിയൻ ലോജിസ്റ്റിക്സ് പാർക്ക്, കൊച്ചിൻ ഓയിൽ ടെർമിനസ് ജെട്ടിയിലെ പൈപ്‌ലൈൻ മാറ്റുന്നതിനും തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിനുമായി ബിപിസിഎൽ എന്നിവയുമായാണു ധാരണാപത്രങ്ങൾ ഒപ്പുവച്ചത്. വല്ലാർപാടം ടെർമിനൽ ഓപ്പറേറ്റർമാരായ ഡിപി വേൾഡ് 85 കോടിയിലേറെ രൂപ ചെലവിൽ സ്ഥാപിക്കുന്ന എഫ്ടിഡബ്ല്യുസെഡ് അടുത്ത വർഷം പൂർത്തിയാകും.