വിജയവാഡ: വരുന്ന ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കുന്നതിനായി പുതിയ മുദ്രാവാക്യം തീരുമാനിച്ച് സംസ്ഥാന കോണ്‍ഗ്രസ്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും കോര്‍ഡിനേഷന്‍ സമിതിയും ചേര്‍ന്നാണ് മുദ്രാവാക്യം നിശ്ചയിച്ചത്.
‘എന്ത് കൊണ്ട് ആന്ധ്രപ്രദേശില്‍ ആയിക്കൂടാ’ എന്നാണ് മുദ്രാവാക്യം. കര്‍ണാടകത്തിലും തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത് ആന്ധ്രയിലും ആവര്‍ത്തിച്ചു കൂടാ എന്ന ചോദ്യമാണ് മുദ്രാവാക്യത്തിന്റെ പിറവിക്ക് പിന്നില്‍. അതേ സമയം, മുന്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മ്മിള അദ്ധ്യക്ഷയായ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി ജനുവരി ആദ്യ വാരത്തില്‍ കോണ്‍ഗ്രസില്‍ ലയിക്കും. എഐസിസി ജനറല്‍ സെക്രട്ടറിയായി ശര്‍മ്മിളയ്ക്ക് ഉത്തരവാദിത്വം നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. അടുത്ത വര്‍ഷം നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും വലിയ ഉത്തരവാദിത്വം ശര്‍മ്മിളയ്ക്ക് കോണ്‍ഗ്രസ് നല്‍കും.
വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് മികച്ച എതിരാളിയെ സമ്മാനിക്കുക എന്നതാണ് ശര്‍മ്മിളയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നേരത്തെ തെലങ്കാന കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചാണ് ശര്‍മ്മിള പ്രവര്‍ത്തിച്ചിരുന്നത്. തെലങ്കാനയിലെ കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട സ്ഥാനമായിരുന്നു ശര്‍മ്മിള ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സമ്മതിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ നിലച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുകയായിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശര്‍മ്മിള ഹൈക്കമാന്‍ഡിനോട് സമ്മതിച്ചു. ഒരു വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ചുമതലയുണ്ടാവും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ പ്രചരണം നടത്തും. സംസ്ഥാനത്ത് രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുക്കാമെന്ന് ശര്‍മ്മിള സമ്മതിച്ചിട്ടുണ്ട്.
വിശാഖപട്ടണത്തും വിജയവാഡയിലും നടക്കുന്ന പൊതുയോഗങ്ങളിലാണ് ശര്‍മ്മിള പങ്കെടുക്കുക. വിശാഖപട്ടണത്തെ യോഗത്തില്‍ പ്രിയങ്ക ഗാന്ധിയും വിജയവാഡയിലെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. റായസലസീമ മേഖലയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാനും ശര്‍മ്മിളയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ശര്‍മ്മിള തീരുമാനമെടുത്തിട്ടില്ല. സഹോദരനായ ജഗന്റെ റായലസീമയിലെ വോട്ട് ബാങ്ക് തകര്‍ക്കാന്‍ ശര്‍മ്മിളയ്ക്ക് താല്‍പര്യമില്ലെന്നതാണ് ഇക്കാര്യത്തില്‍ തീരുമാനമാവാത്തതിനുള്ള കാരണം.
ഖമ്മം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ശര്‍മ്മിളയെ സ്ഥാനാര്‍ത്ഥിക്കുവാനും അല്ലെങ്കില്‍ കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലേക്ക് അയക്കുവാനോ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയാവണോ രാജ്യസഭയില്‍ നിന്ന് മത്സരിക്കണോ എന്ന കാര്യത്തില്‍ ശര്‍മ്മിള ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.