ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വമ്പൻ അഴിച്ചുപണി. ഏറെക്കുറെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും മുൻ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായിരുന്ന കമൽ നാഥിനെ മാറ്റിക്കൊണ്ടുള്ള അഴിച്ചുപണിയാണ് ഹൈക്കമാൻഡ് നടത്തിയിരിക്കുന്നത്.
കമൽ നാഥിനെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതിനൊപ്പം തന്നെ പ്രതിപക്ഷ നേതൃ സ്ഥാനവും നൽകിയില്ല. ജിത്തു പട്വാരിയെ ആണ് പുതിയ പി സി സി അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായി ഉമംഗ് സിംഘറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഹേമന്ദ് കടാരെയാകും മധ്യപ്രദേശിലെ പ്രതിപക്ഷ ഉപനേതാവ്.