ബെല്‍ഗാവി: കോണ്‍ഗ്രസിന്റെ വിപുലമായ പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ 26, 27 ദിവസങ്ങളില്‍ ബെല്‍ഗാവിയില്‍ നടക്കും. 1924ല്‍ ബെല്‍ഗാവിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ദേശീയ അദ്ധ്യക്ഷനായ മഹാത്മ ഗാന്ധിയുടെ ജന്മശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രവര്‍ത്തക സമിതി ബെല്‍ഗാവിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ഭാരവാഹികളും പങ്കെടുക്കുന്ന പൊതിയോഗം സിപിഇഡി മൈതാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മശതാബ്ദി പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഭവനില്‍ യോഗം ചേര്‍ന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, 150 എംപിമാര്‍, 40 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍മാര്‍, നിയമസഭ കക്ഷി നേതാക്കള്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലും രണ്‍ദീപ് സുര്‍ജേവാലയും പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി അടുത്തയാഴ്ച നഗരത്തിലെത്തും. പരിപാടിയുടെ വിവിധ ഉത്തരവാദിത്വങ്ങള്‍ എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും വീതംവെച്ചു നല്‍കിയിട്ടുണ്ടെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ മൂന്ന് ദിവസവും നഗരത്തിലുണ്ടാവും. മൈസൂര്‍ ദസറയ്ക്ക് ചെയ്യുന്ന അലങ്കാരത്തെ മറികടക്കുന്ന അലങ്കാരമാണ് പരിപാടിയ്ക്കായി ഒരുക്കുന്നത്. അലങ്കാരത്തിനായി ഏഴ്-എട്ട് കോടി രൂപയാണ് ചെലവഴിക്കുന്നതെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.