Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോണ്‍ഗ്രസില്‍ 'എ ഗ്രൂപ്പ്' അപ്രസക്തമാകുന്നുവോ? ഒതുക്കാന്‍ കച്ചകെട്ടിയവര്‍ ആരൊക്കെ?

കോണ്‍ഗ്രസില്‍ ‘എ ഗ്രൂപ്പ്’ അപ്രസക്തമാകുന്നുവോ? ഒതുക്കാന്‍ കച്ചകെട്ടിയവര്‍ ആരൊക്കെ?

അബിൻ കെ.രാജ്

കോട്ടയം: ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖവും ആവേശവുമായിരുന്നു എ ഗ്രൂപ്പ്. മികച്ച നേതാക്കന്മാരില്‍ ഏറെയും പിന്തുടര്‍ന്ന പ്രതീക്ഷയുടെ കൂട്ടായ്മ. എ ഗ്രൂപ്പായാല്‍ ശബ്ദമുള്ള കൂട്ടത്തിലായി എന്ന് ചെറുപ്പക്കാരൊക്കെ വീറോടെ പറഞ്ഞിരുന്നു എന്നതും ശ്രദ്ധേയം. എന്നാല്‍ കാലം മുന്നോട്ടു നീങ്ങുമ്പോള്‍ കേരളത്തിലെ എ ഗ്രൂപ്പ് അപ്രസക്തമാകുന്നുവോ? കോണ്‍ഗ്രസിലെ ഈ വന്‍മരത്തിന്റെ വേരു മുറിച്ചിടാന്‍ കച്ചകെട്ടിയവരും കാത്തിരുന്നവരും ആരൊക്കെ? എ ഗ്രൂപ്പ് ഓര്‍മയാകുമോ?

കഴിഞ്ഞ കാലമത്രയും എ ഗ്രൂപ്പിന്റെ മുഖം ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു. അപ്രതീക്ഷിതമായി ഉമ്മന്‍ ചാണ്ടി രോഗശയ്യയിലെത്തിയതോടെ എ ഗ്രൂപ്പും ഐസിയുവിലായി. നേതാക്കളില്‍ പലര്‍ക്കും ശബ്ദം നഷ്ടപ്പെട്ടു. ഇത് കാത്തിരുന്ന ഒരു വിഭാഗം തലങ്ങും വിലങ്ങും എ ഗ്രൂപ്പിനെ കടന്നാക്രമിച്ചു. ഇതോടെ എ ഗ്രൂപ്പിലെ പല പ്രമുഖരായ നേതാക്കളും ഗതികെട്ട് ഗ്രൂപ്പു മാറി. സജീവമായി ഉറച്ചു നിന്ന നേതാക്കളും അണികളും അനാഥരായി.

മധ്യതിരുവിതാംകൂറിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തിശ്രോതസ്സായിരുന്നു എ.കെ ആന്റണിയുടെ നേതൃത്തിലുള്ള
എ ഗ്രൂപ്പ്. പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ കരുത്ത് കാട്ടാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി. വയലർ രവി, ഉമ്മന്‍ ചാണ്ടി, ആര്യാടൻ മുഹമ്മദ്, തോപ്പിൽ രവി, വി. എം. സുധീരൻ, പി. ടി. തോമസ്സ്, ചെറിയാൻ ഫിലിപ്പ്,
എം. എം ഹസ്സന്‍, കെ. സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹന്നാന്‍ തുടങ്ങിയ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ മധ്യതിരുവിതാംകൂറിനെ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാക്കി. കൃത്യമായ പദ്ധതികളോടെ എല്ലാവരേയും ഒത്തുച്ചേര്‍ത്തുകൊണ്ടു പോകാന്‍ ഇവര്‍ക്കായി. ജാതി സമവാക്യങ്ങളില്‍ മായം ചേര്‍ക്കാതെ നിലനിര്‍ത്താനും ഇവര്‍ക്കായതോടെ സമ്മാനിച്ചതൊക്കെയും വലിയ നേട്ടങ്ങള്‍.
പിന്നിട്ട വഴികളിൽ ചിലരൊക്കെ കാലയവനികയിൽ മറഞ്ഞു. മറ്റു ചിലർ ഗ്രൂപ്പില്ല നേതാക്കളായി മാറി. അപ്പോഴും ഉമ്മൻ ചാണ്ടിയുടെ ജനകീയ മുഖവും നേതൃത്വവും എ ഗ്രൂപ്പിനെ സജീവമായി നിലനിർത്തി.

ഉമ്മന്‍ ചാണ്ടിയുടെ അപ്രതീക്ഷിതമായ അനാരോഗ്യം മറ്റു ഗ്രൂപ്പുകള്‍ മുതലെടുത്തു.
ഉമ്മൻ ചാണ്ടിയുടെ തണലിൽ സ്ഥാനമാനങ്ങൾ നേടിയ ചിലർപ്പോലും ഗ്രൂപ്പു മാറി. എ ഗ്രൂപ്പിലെ സീനിയര്‍ നേതാക്കളെ ‍ മാറ്റി നിര്‍ത്തിയും നവമാധ്യമങ്ങളിലൂടെ അപമാനിച്ചും ഒറ്റപ്പെടുത്തി. രണ്ടാം പിണറായി മന്ത്രിസഭയുടെ വരവ് കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണം നികത്താനെത്തിയ പുതുനേതൃനിര ബോധപൂര്‍വം മധ്യതിരുവിതാംകൂരിലെ എ ഗ്രൂപ്പ് നേതാക്കളെ ഒതുക്കി ഇരുത്തി. ഇതോടെ എ സിദ്ധിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ പ്രാണ രക്ഷാര്‍ത്ഥം പുതുഗ്രൂപ്പുകളിലേക്ക് കുടിയേറി.

എ ഗ്രൂപ്പിലെ പല സീനിയര്‍ നേതാക്കളോടും കൂടിയാലോചനകളില്ലാതെയാണ് പല തീരുമാനങ്ങളിലേക്കും നേതൃത്വം എത്തുന്നതെന്ന പരാതി ഇന്ന് വ്യാപകമാണ്. നിലവിലെ നേതൃത്വത്തിന്റെ ഗ്രൂപ്പ് അംഗങ്ങളും തല്‍പരകക്ഷികളും ആയ പലരേയും സ്ഥാനമാനങ്ങള്‍ നല്‍കി ചാവേര്‍പടയാളകളാക്കി മാറ്റി. പല ജില്ലകളിലും ഭരണം ഇവരുടെ കൈകളിലാണ്. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പിണക്കവും പോരുമൊക്കെ നേരത്തേയും ഉണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ സമവായത്തിലെത്തുകയും പരസ്പര ബഹുമാനം പുലര്‍ത്തുകയും ചെയ്തിരുന്നു. പ്രസ്ഥാനത്തെ ബലപ്പെടുത്തുന്നതില്‍ ഇവര്‍ തീര്‍ത്തതൊക്കെയും വലിയ മാതൃകകളാണ്. പ്രത്യേകിച്ച് താഴെതട്ടിലുള്ള ജനങ്ങളെ കോണ്‍ഗ്രസിലേക്ക് എത്തിക്കുവാന്‍ ഇവര്‍ നടത്തിയ പോരാട്ടങ്ങള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്.

ശശി തരൂരിനെപ്പോലെ കഴിവുള്ള രാഷ്ട്രീയ വ്യക്തിത്വങ്ങളെ ഇല്ലാതാക്കാന്‍ നേതൃനിരയില്‍ വലിയ നീക്കങ്ങളാണ് നടക്കുന്നത്. ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തില്‍ ഇന്ന് സജീവമായിരുന്നുവെങ്കില്‍ തരൂരിന്റെ വളര്‍ച്ച വേഗത്തിലും അത്ഭുതപ്പെടുത്തുന്നതുമാകുമായിരുന്നു. കഴിവുള്ളവരെ കൃത്യമായി രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നതിനുള്ള തന്ത്രങ്ങള്‍ എക്കാലവും പയറ്റിയ നേതാവാണ് ഉമ്മന്‍ ചാണ്ടി എന്നതും ശ്രദ്ധേയമാണ്.

കെപിസിസിയുടെ എല്ലാ പോഷക സംഘടനകളുടെയും താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ന് എ ഗ്രൂപ്പ് നേതാക്കളെ ബോധപൂര്‍വം മാറ്റി നിര്‍ത്തി. കഴിവിനേക്കാള്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരിഗണിച്ചു. സ്തുതിപാടകര്‍ നേതാക്കളായി മാറി. ഗ്രൂപ്പില്ലാ നേതാക്കളെന്ന് സ്വയം പ്രഖ്യാപിച്ച നേതൃത്വനിരയിലുള്ളവര്‍ പ്രസ്ഥാനത്തിന്റെ വേരിളക്കി മാറ്റി. ഇവരില്‍ പലരും പ്രസ്ഥാനത്തിന്റെ നേട്ടത്തേക്കാള്‍ വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്ക് മൂന്‍തൂക്കം നല്‍കി.

കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ കോണ്‍ഗ്രസിനേറ്റ മങ്ങലിന്റെ പ്രധാന കാരണം തന്നെ എ ഗ്രൂപ്പിനേറ്റ മങ്ങലാണ്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമാകുകയും ചെയ്യും. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ബാബു ജോര്‍ജ് പാര്‍ട്ടിവിട്ടതുംപോലും പാര്‍ട്ടിയുടെ ശോഭയ്ക്ക് നിറംകെടുത്തുന്നതാണ്. എ ഗ്രൂപ്പുകാരനായിരുന്ന ബാബു ജോര്‍ജിനെ ബോധപൂര്‍വം ഒതുക്കാന്‍ ചില നേതാക്കള്‍ കുഴിച്ച കുഴിയില്‍ അദ്ദേഹം വീഴുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തിയ അദ്ദേഹത്തിനോട് നീതി പുലര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനായില്ല.

ഒരു കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ തന്നെ കോണ്‍ഗ്രസിന്റെ ശ്രദ്ധേയരായ നേതാക്കളില്‍ ഒരാളായിരുന്നു ബാബു ജോര്‍ജ്. കെഎസ്‌യു നേതാവായിരുന്ന കാലങ്ങളില്‍ അദ്ദേഹം യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒപ്പം നിന്നു പ്രവർത്തിച്ചു. അന്ന് അദ്ദേഹത്തിന്റെ ലിസ്റ്റിൽ കടന്നു കൂടി നേതാവായ ചിലർപ്പോലും യൂദാസിനെ പോലെ തള്ളി പറയുന്നു.
എ ഗ്രൂപ്പിന്റെ ജില്ലയിലെ മുന്നണി പോരാളിയായിരുന്നു ബോബു ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ നേതാവുമായിരുന്നു.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ വലിയ പോരാട്ടങ്ങള്‍ നടത്തിയ നേതാവാണ് ബാബു ജോര്‍ജ്. താഴേക്കിടയില്‍ വരെ അദ്ദേഹം നേരിട്ടിറങ്ങിയെത്തി പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏറ്റവും കൂടുതല്‍ സമരപോരാട്ടങ്ങള്‍ നടന്നതും ഈ കാലഘട്ടത്തില്‍ തന്നെ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് കോണ്‍ഗ്രസിനെ വലിച്ചിടാന്‍ ശ്രമിച്ചപ്പോഴൊക്കെയും അതിനെ തന്ത്രപൂര്‍വം നേരിടാനും കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാനും അദ്ദേഹത്തിനായി. ആന്റോ ആന്റണിയുടെ പാര്‍ലമെന്റിലേക്കുള്ള വിജയത്തിനും ഈ നിലപാടുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി.

ക്രിസ്തൃന്‍ മതന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ക്കാനുള്ള വലിയ ശ്രമങ്ങളാണ് ഇന്ന് സിപിഎമ്മും ബിജെപിയും നടത്തുന്നത്. എന്നാല്‍ എല്ലാകാലത്തും കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമാണ് മിക്ക ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കും പറയാനുള്ളത്. ഇത് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഉണ്ടാകുന്നില്ല. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലെ ശക്തികേന്ദ്രമായ ഓര്‍ത്തഡോക്‌സ് മതവിഭാഗത്ത പൂര്‍ണമായും കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചു. പ്രധാന നേതൃസ്ഥാനങ്ങളിലേക്കോ, തിരഞ്ഞെടുപ്പുകളിലോ ഇന്ന് വിഭാഗത്തില്‍ നിന്നും ആരേയും പരിഗണിക്കാതെയായി. സജീവമായി ഉണ്ടായിരുന്ന നേതാക്കളെ വെട്ടിനിരത്തുകയും ചെയ്തു. മര്‍ത്തോമ, കത്തോലിക്ക , ഓർത്തഡോക്സ്, യാക്കോബായ സഭയ്ക്കും പറയാനുള്ളത് ഇതേ പരാതിതന്നെയാണ്. മര്‍ത്തോമ സഭ ഇത് നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്.

എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയത് എക്കാലവും എ ഗ്രൂപ്പ് നേതാക്കളായിരുന്നു. വയലാര്‍ രവിയും, പി. ടി. തോമസും ബെന്നി ബെഹന്നാനുമൊക്കെ വളര്‍ന്നു വന്നതും ഈ മണ്ണില്‍ തന്നെ. എന്നിട്ടും ജില്ലയില്‍ എ ഗ്രൂപ്പ് നേതാക്കളെ ഇന്ന് പൂര്‍ണമായി ഒതുക്കി ഇരുത്തി. ബെന്നി ബെഹന്നാന്റെ സീനിയോറിറ്റിയും സ്ഥാനവും മറന്നാണ് പല നേതാക്കളും ഇന്ന് അദ്ദേഹത്തിനോട് ഇടപെടുന്നത്.

വരും ദിവസങ്ങളില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും നിലവിലെ നേതൃത്വത്തിന്റെ നിലപാടുകളില്‍ അസ്വസ്ഥരായി രാജിയിലേക്ക് കടക്കുമെന്ന സൂചനയുണ്ട്. തീര്‍ത്തും അപക്വമായ തീരുമാനങ്ങളെടുക്കുന്ന നേതൃനിര പഴയ കെഎസ്‌യു കാലത്തെ പക തീര്‍ക്കുകയാണെന്നും ഇവര്‍ പറയുന്നു. എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ ചില രാഷ്ട്രീയ ബോംബ് പൊട്ടിക്കാനും സാധ്യത ഏറെയാണ്. എന്തായാലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എ ഗ്രൂപ്പിന്റെ മൗനം കുറച്ചൊന്നുമല്ല പ്രതിഷേധമുണ്ടാക്കുന്നത്. രാഷ്ട്രീയമായി അവരിതിനെ നേരിട്ടാല്‍ കോണ്‍ഗ്രസിനുണ്ടാവുക വലിയ നഷ്ടമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com