റായ്പൂർ : പ്രവർത്തക സമിതി അംഗങ്ങളുടെ എണ്ണം 25ൽ നിന്ന് 35 ആയി വർധിപ്പിക്കാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തീരുമാനം. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി. മുൻ അധ്യക്ഷന്മാരും പ്രധാനമന്ത്രിമാരും പ്രവർത്തക സമിതി അംഗങ്ങളാകും. പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് വേണ്ടെന്ന് ഇന്നലെ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. സമിതിയിലെ മുഴുവൻ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തി കമ്മിറ്റി പ്രമേയവും പാസാക്കിയിരുന്നു.
അതേസമയം, മൂന്നാം മുന്നണി രൂപീകരിക്കാതെ ഒന്നിക്കണമെന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. ഭിന്നിച്ചു നിന്ന് ബിജെപിക്ക് നേട്ടമുണ്ടാക്കരുത്. സമാനപ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്ന പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു കുടക്കീഴിൽ വരണം. കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാൽ വിദ്വേഷകുറ്റകൃത്യങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. ബിജെപി ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാന്‍ ശ്രമിക്കുന്നു. ഇതിനെ തടയേണ്ടതുണ്ടെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് തയാറാണെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. സഹകരിക്കാവുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.