റായ്പൂര്‍: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. മൂന്നു പ്രമേയങ്ങളിൽ വിശദമായ ചർച്ച നടക്കും. രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മൂന്ന് ദിവസം നീണ്ടുനിന്ന കോൺഗ്രസിന്‍റെ 85മത് പ്ലീനറി സമ്മേളനമാണ് ഇന്ന് സമാപിക്കുക. കാർഷികം, സാമൂഹ്യ നീതി, യുവജന വിദ്യാഭ്യാസ പ്രമേയങ്ങൾ ഇന്ന് അവതരിപ്പിക്കും. വിശദമായ ചർച്ചകൾ നടക്കും. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ വിഷയങ്ങൾ പാർട്ടിക്ക് എങ്ങനെ അനുകൂലമാക്കാം എന്നുള്ള ചർച്ച പ്രധാനമാണ്. മുന്നോട്ടുള്ള പ്രതിഷേധങ്ങളും ചർച്ചയാകും.
രാവിലെയാണ് രാഹുൽ ഗാന്ധി പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുക. കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കും എതിരെ ശക്തമായ വിമർശനം രാഹുൽ ഗാന്ധി ഉയർത്തും. ഉച്ചക്ക് ശേഷമാണ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മറുപടി പ്രസംഗം. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ പ്ലീനറി സമ്മേളനം അവസാനിക്കും.