ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ലോകത്തിലെ മികച്ച പത്ത് വൻകിട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി യുഎഇയിലെ അബുദാബി, ദുബായ്, ഷാർജ എന്നീ മൂന്ന് നഗരങ്ങൾ. ഈ നഗരങ്ങളിലെ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 യുഎസ് ഡോളറും ജീവിതച്ചെലവ് 752.70 യുഎസ് ഡോളറുമാണ്.
ആഗോളതലത്തിൽ ജീവിതച്ചെലവ് കുറവുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് കുവൈത്ത് ആണ്. അബുദാബി രണ്ടാം സ്ഥാനത്താണ്. ശരാശരി ഇവിടെ താമസിക്കുന്നവർ ഓരോ മാസവും ഏകദേശം 7,154 ഡോളർ ആണ് സമ്പാദിക്കുന്നത്. അവരുടെ ജീവിതച്ചെലവുകൾക്കായി ഏകദേശം 873.10 ഡോളറും ചെലവഴിക്കുന്നു.
ജീവിതച്ചെലവ് താങ്ങാനാവുന്ന മൂന്നാമത്തെ നഗരം റിയാദാണ്. ഇവിടെ ശരാശരി പ്രതിമാസ വരുമാനം 6,245 ഡോളർ ആണ്. കൂടാതെ ജീവിതച്ചെലവ് 814.90 ഡോളറും. ദുബായും ഷാർജയും പട്ടികയിൽ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്താണ്. താമസക്കാർ പ്രതിമാസം യഥാക്രമം 7,118 ഡോളറും 5,229 ഡോളറും സമ്പാദിക്കുന്നു. അതേസമയം ഈ നഗരങ്ങളിലെ ജീവിതച്ചെലവ് മാസംതോറും 1,007ഡോളറും 741.30 ഡോളറുമാണ്.
20 നഗരങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷണ സ്ഥാപനത്തിന്റെ വിദഗ്ധർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓരോ നഗരത്തിന്റെയും ശരാശരി പ്രതിമാസ വരുമാനവും 2023-ലെ ശരാശരി പ്രതിമാസ ജീവിതച്ചെലവും താരതമ്യപ്പെടുത്തി സർക്കാർ തൊഴിൽ സ്രോതസ്സുകളിൽ നിന്നാണ് വർക്ക്‌യാർഡ് റിസർച്ച് നടത്തിയ സർവേയ്ക്ക് വേണ്ടി ഡാറ്റ സമാഹരിച്ചത്.