ലോകത്തെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ലോകാരോഗ്യസംഘടന ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ കോവിഡ് നിരക്കുകൾ വർധിക്കുന്നതിന് പിന്നിൽ രണ്ട് വകഭേദങ്ങളാണെന്ന് വ്യക്തമാക്കുകയാണ് അധികൃതർ. KP.1, KP.2 എന്നീ വകഭേദങ്ങളാണ് കോവിഡ് കേസുകളുടെ ഉയർച്ചയ്ക്ക് പിന്നിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കി.
രാജ്യത്തെ കോവിഡ് കേസുകൾക്ക് പിന്നിൽ രണ്ട് വകഭേദങ്ങളാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് അഞ്ചുവരെ 824 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 417 എണ്ണം മഹാരാഷ്ട്രയിൽ നിന്നും 157 എണ്ണം വെസ്റ്റ്ബെംഗാളിൽ നിന്നും 64 എണ്ണം ഉത്തരാഖണ്ഡിൽ നിന്നുമാണ്. JN.1 ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് KP.1, KP.2 എന്നീ വകഭേദങ്ങളെന്നും മന്ത്രി പറഞ്ഞു.