ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതരിൽ കൂടുതൽ കേരളത്തിലെന്ന് റിപ്പോർട്ട്. രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ ഭൂരിപക്ഷവും കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ആകെ രോഗബാധിതരിൽ 26.4 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്ര– 21.7%, ഗുജറാത്ത്– 13.9%, കർണാടക–8.6%, തമിഴ്നാട്–6.3% എന്നിങ്ങനെയാണ് കണക്ക്.
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ഏപ്രിൽ 11, 12 തീയതികളിൽ മോക് ഡ്രിൽ നടത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി തയാറാക്കിയ നിർദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്. എല്ലാ ജില്ലകളിലെയും സർക്കാർ– സ്വകാര്യ ആശുപത്രികൾ മോക്ഡ്രില്ലിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതു നേരിടാൻ ആശുപത്രികൾ സജ്ജമാണോ എന്ന് വിലയിരുത്താനാണിത്.
മരുന്നുകൾ, കിടപ്പുരോഗികൾക്കായുള്ള കിടക്കകൾ, മെഡിക്കൽ സാമഗ്രികൾ, ഓക്സിജൻ എന്നിവയുടെ ലഭ്യതയും വിലയിരുത്തും. മാർച്ച് 27ന് സംസ്ഥാനങ്ങളുമായി നടക്കുന്ന ഓൺലൈൻ മീറ്റിങ്ങിലാകും മോക്ഡ്രിൽ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവയ്ക്കുക. ചില സംസ്ഥാനങ്ങൾ മതിയായ കോവിഡ് പരിശോധനകൾ നടത്തുന്നില്ലെന്നും പരിശോധനകൾ ഊർജിതമാക്കണമെന്നും നിർദേശിച്ചു.