ന്യൂയോർക്ക് : കോവിഡ് മഹാമാരിയുടെ ഉദ്ഭവം സംബന്ധിച്ച് ചൈനയുടെ ഗവേഷണ റിപ്പോർട്ട് പുറത്ത്. ആദ്യ കോവിഡ് കേസുകൾ സംഭവിച്ചതെന്നു കരുതപ്പെടുന്ന വുഹാനിലുള്ള ഹുനാൻ സീഫുഡ് മാർക്കറ്റിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ചുള്ള പ്രഥമ അംഗീകൃത ശാസ്ത്രീയപഠനമാണ് പുറത്തെത്തിയത്.
മാർക്കറ്റിന്റെ പരിസരത്തു നിന്ന് ശേഖരിച്ച സാംപിളുകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവയിൽ വന്യമൃഗങ്ങളുടെ ജനിതകാംശമുണ്ട്. വന്യമൃഗങ്ങളിൽ നിന്നാണ് കോവിഡ് മനുഷ്യരിലേക്കെത്തിയതെന്ന വാദത്തെ ഇതു ബലപ്പെടുത്തുന്നതാണെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇതിൽ ഉറപ്പില്ലെന്നും വൈറസ് ബാധിതനായ ഒരാൾ ഈ മൃഗങ്ങളെ മാർക്കറ്റിൽ എത്തിച്ചാലും ഇപ്രകാരം സംഭവിക്കാനിടയുണ്ടെന്നും മറുവാദവുമുണ്ട്. നേച്ചർ ശാസ്ത്രജേണലിൽ റിസർച് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
932 സാംപിളുകൾ മാർക്കറ്റിലെ സ്റ്റാളുകൾ, കൂടുകൾ, യന്ത്രഭാഗങ്ങൾ തുടങ്ങിയവയിൽ നിന്ന് ഗവേഷകർ ശേഖരിച്ചു. ഇതു കൂടാതെ 18 ഇനം മൃഗങ്ങളിൽ നിന്നുള്ള 457 സാംപിളുകളും ശേഖരിച്ചു. ഈ പ്രവർത്തനങ്ങൾ 2020 ജനുവരിയിലാണു നടന്നത്. മൃഗങ്ങളിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ കോവിഡ് ബാധ കണ്ടെത്തിയിട്ടില്ല.