തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധനയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ പൊതു നിർദ്ദേശം. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണം എന്നാണ് നിർദ്ദേശം. കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനയാണ് പ്രതിദിന കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്. 20 മുതൽ 30 വരെ കൊവിഡ് കേസുകളാണ് ഈ ദിവസങ്ങളിൽ റിപോർട്ട് ചെയ്തത്. ഇതിൽ കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണവും നേരിയ തോതിൽ കൂടിയിട്ടുണ്ട്.
അതേ സമയം ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെന്‍റിലേറ്ററുകളും സജ്ജമാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.