വയനാട്: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വയനാട് ജില്ലയിൽ ഉണ്ടായത് വലിയ വോട്ട് ചോർച്ച. മൂന്ന് നിയമസഭ മണ്ഡലങ്ങളിലുമായി 171 ബൂത്തുകളിൽ എൻഡിഎയ്ക്കും പിന്നിലാണ് എൽഡിഎഫ്. മന്ത്രി ഒ ആർ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയിൽ പോലും ലീഡ് പിടിക്കാൻ എൽഡിഎഫിന് ആയില്ല.
വയനാട് ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ മുന്നണിയിൽ അതൃപ്തി പുകയുമ്പോഴാണ്
തിരിച്ചടിയുടെ ആഘാതം വ്യക്തമാക്കുന്ന കണക്കുകളും പുറത്ത് വരുന്നത്. ജില്ലയിലെ മൂന്ന് നഗരസഭകളിലും 23 പഞ്ചായത്തുകളിലും ഒന്നിൽ പോലും ലീഡ് നേടാൻ എൽഡിഎഫിന് ആയില്ല. എല്ലായിടത്തും യുഡിഎഫാണ് ആധിപത്യം നേടിയത്. ബത്തേരി നഗരസഭയിലും പൂതാടി, പുൽപ്പള്ളി, പഞ്ചായത്തിലും എൽഡിഎഫിനെ പിന്നിലാക്കി എൻഡിഎയാണ് രണ്ടാമതെത്തിയത്.