കൊച്ചി: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ പ്രതിപക്ഷത്തിനൊപ്പം അന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കളും. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് നേതാക്കൾ ആവശ്യം ഉന്നയിച്ചത്. എന്നാൽ നിയമസഭ നടക്കുന്നതിനാൽ കൂടുതൽ ചർച്ച വേണ്ടെന്ന നിലപാട് കാനം രാജേന്ദ്രൻ സ്വീകരിച്ചു.
തീപിടുത്തത്തിൽ കരാർ കമ്പനിയാണ് കാരണക്കാരെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആവശ്യം. മാലിന്യ സംസ്‌കരണത്തിൽ മികച്ച ഇടപെടൽ നടത്തിയ സ്ഥാപനമാണ് സോൺഡ കമ്പനിയെന്ന വാദം ഉയർത്തി പ്രതിപക്ഷ ആവശ്യത്തെ സർക്കാർ തള്ളിക്കളഞ്ഞിരുന്നു.
എന്നാൽ തീപിടിത്തത്തിൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം ഭരണപക്ഷ മുന്നണിയിൽ നിന്നും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. തീപിടിത്തവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് സിപിഐ നിർവാഹക സമിതി യോഗത്തിലുണ്ടായ ആവശ്യം. സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് ചില നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ നിയമസഭ നടക്കുന്നതിനാൽ പ്രതിപക്ഷത്തിന് ആയുധം കൊടുക്കേണ്ടെന്ന നിലപാടാണ് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ഇന്നും നാളെയും കൗൺസിൽ യോഗം ചേരുന്നതിനാൽ ഈ വിഷയവും ചർച്ചയിൽ ഉയർന്നേക്കും.