കൊല്ലം : സംസ്ഥാന സർക്കാരിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരെ സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. രാജാവിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന യാത്രകൾക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങളല്ല, അഹങ്കാര വാഹനങ്ങളാണ്. ഇത്തരം ധൂർത്തും ഏകാധിപത്യ രീതികളും കമ്യൂണിസ്റ്റുകാരനു യോജിച്ചതല്ലെന്നും വിമർശനമുയർന്നു.
രണ്ടാം പിണറായി സർക്കാർ പുതുതായി ഒന്നും ചെയ്തിട്ടില്ല. പാചക വാതകത്തിനു വില വർധിപ്പിച്ചതിനെതിരെ കേന്ദ്രത്തിനെതിരെ സമരം ചെയ്യുമ്പോഴാണു ഇന്ധന സെസ് 2 രൂപ സംസ്ഥാന സർക്കാർ വർധിപ്പിച്ചത്. കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികളെ പട്ടിണിയിലേക്കു തള്ളിവിട്ട സർക്കാരാണിത്. കമ്യൂണിസ്റ്റ് നേതാക്കളെക്കാൾ കശുവണ്ടിത്തൊഴിലാളികളെ ഓർമിക്കുന്നത് എൻ.കെ.പ്രേമചന്ദ്രൻ എംപിയാണ്. പ്രേമചന്ദ്രനെ കശുവണ്ടിത്തൊഴിലാളികൾ വിശ്വാസത്തിലെടുക്കുന്നതിന്റെ നാലിലൊന്നു പോലും കമ്യൂണിസ്റ്റ് നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ല.
ധൂർത്തും പിൻവാതിൽ നിയമനവുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. ആരോഗ്യ, വിദ്യാഭ്യാസ, ഫിഷറീസ് മേഖലകളിൽ പിൻവാതിൽ നിയമനം വ്യാപകമാണ്. ഇത്തരം ധൂർത്തിനൊപ്പമാണു യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്ത ജെറോം ഒരു ലക്ഷത്തിനു മേൽ ശമ്പളം ആവശ്യപ്പെടുന്നത്. സിപിഐയുടെ നേതാക്കൾക്ക് നേരത്തേ പാർട്ടിയായിരുന്നു പ്രധാനം. ഇപ്പോൾ അതു മുന്നണിയായി മാറി. തിരുത്തൽ ശക്തിയായിരുന്ന പാർട്ടി ഇപ്പോൾ അതിന് അവധി കൊടുത്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെആർ ചന്ദ്രമോഹനൻ, മന്ത്രി ജെ. ചിഞ്ചുറാണി, ആർ. രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. രാജു, ആർ. ലതാദേവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.