പാലക്കാട്: പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെച്ചൊല്ലി പാലക്കാട് സി.പി.ഐയില്‍ കൂട്ടരാജി. മണ്ണാര്‍ക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര് രാജിവച്ചു. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ കൂട്ടരാജിക്ക് പിന്നാലെയാണ് മണ്ണാർക്കാട്ടെ രാജി. പാലക്കാട് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സി.പി.ഐ സംസ്ഥാന നേതൃത്വം നടപടി ആരംഭിച്ചു.
സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജിനെതിരെയാണ് പടയൊരുക്കം. റവന്യു വകുപ്പിലെയും സിവില്‍ സപ്ലൈസിലെയും അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചതിന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ജില്ലാ കൗണ്‍സില്‍ അംഗമായ മുഹ്സിനെ ജില്ലാ കമ്മിറ്റിയിലേക്കും മറ്റ് രണ്ട് പേരെ മണ്ഡലം, ബ്രാഞ്ച് തലങ്ങളിലേക്കും തരംതാഴ്ത്തിയതിന് പിന്നാലെയാണ് സുരേഷ് രാജ് വിരുദ്ധ വിഭാഗം പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.