കൊച്ചി: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ‘മിത്ത്’വിവാദ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയില്‍ ഗണപതി വിഗ്രഹങ്ങള്‍ക്ക് മുന്നില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സിപിഐ നേതാവ്. സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയനാണ് അടുത്ത ചര്‍ച്ചയ്ക്ക് വഴി തുറന്നത്. ‘ഒരു യാത്രയുടെ തുടക്കം’ എന്ന പേരില്‍ ഗണപതി വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നല്‍ക്കുന്ന ചിത്രമാണ് സിപിഐ ജില്ലാ സെക്രട്ടറി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖില്‍ മറ്റൊരു പോസ്റ്റുമായി രംഗത്തുവന്നതും ശ്രദ്ധേയമായി. കഥകള്‍ വിശ്വസിക്കുന്നവര്‍ക്കു അതുമായി മുന്നോട്ടു പോകാമെന്നും സഖാവ് ഷംസീര്‍ പറഞ്ഞതു ശാസ്ത്രമാണെന്നുമായിരുന്നു അഖിലിന്റെ സാമൂഹിക മാധ്യമത്തിലെ പോസ്റ്റ്.
അതിനിടെ തന്റെ പോസ്റ്റ് വിവാദമായതറിഞ്ഞ എ.പി.ജയന്‍ നിലപാട് വ്യക്തമാക്കി പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ:
‘‘അഖിലേന്ത്യാ തലത്തിൽ ഡൽഹി പ്രഗതി മൈതാനിയിൽ ഓഗസ്റ്റ് 05,06 തീയതികളിൽ നടക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് ലൈബ്രറിസ് 2023′ എന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായിട്ട് സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ പ്രതിനിധികളിൽ ഒരാളായി പോകുന്നതിനായി ഇന്ന് രാവിലെ കൊച്ചി എയർപോർട്ടിൽ നിന്ന് ഞാൻ യാത്ര തിരിച്ചിരുന്നു. യാത്ര ആരംഭിക്കുന്നതിന് മുൻപ് എയർപോർട്ടിലെ ഒരു ക്രാഫ്റ്റ് ഷോപ്പിന് മുൻപിൽ നിന്ന് എടുത്ത ചിത്രം ഞാൻ ഫേസ്ബുക്കിൽ രാവിലെ’ഒരു യാത്രയുടെ തുടക്കം’ എന്ന നിലയിൽ കുറിപ്പ് നൽകി പങ്കുവെച്ചിരുന്നു. യാത്രയിൽ ആയിരുന്നതിനാൽ ഇതിനെ സംബന്ധിച്ച് ഇത്തരത്തിൽ വാർത്തകൾ വരുന്നത് ഇപ്പോഴാണ് എൻ്റെ ശ്രദ്ധയിൽ വന്നത്. നിലവിൽ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളുമായി ആ ചിത്രത്തിന് യാതൊരു ബന്ധവും ഇല്ല എന്നതാണ് വാസ്തവം. ’’