തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി മറികടക്കാനുള്ള തിരുത്തൽ രേഖ തയാറാക്കാനുള്ള സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും 21, 22 തീയതികളിൽ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. സർക്കാരിന്റെ മുൻഗണനാക്രമത്തിൽ മാറ്റംവരുത്തി തിരുത്തലിന് തുടക്കമിടാനാണ് സി.പി.എം തീരുമാനം.
ഭരണവിരുദ്ധ വികാരവും ജനക്ഷേമ പദ്ധതികൾ മുടങ്ങിയതുമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടിയത് എന്നാണ് കഴിഞ്ഞ സംസ്ഥാന നേതൃയോഗങ്ങൾ വിലയിരുത്തിയത്. ജില്ലാ നേതൃയോഗങ്ങളിലും സമാനമായ അഭിപ്രായം തന്നെ ഉയർന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാൻ എന്തൊക്കെ ചെയ്യണം എന്നായിരിക്കും ഇന്നാരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങൾ പ്രധാനമായും തീരുമാനിക്കുക.
സംസ്ഥാന സർക്കാരിന്റെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകാനാണ് തീരുമാനം. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത് പാർട്ടിയുടെ പരിഗണനയിൽ ഉണ്ടെങ്കിലും നിലവിലെ സാമ്പത്തിക അവസ്ഥയിൽ അത് സാധ്യമാകില്ല. ക്ഷേമപെൻഷൻ മുടങ്ങാതെ കൊടുക്കുക, സപ്ലൈ അടക്കമുള്ള ജനകീയ സംവിധാനങ്ങൾക്ക് കൂടുതൽ പണം അനുവദിക്കുക തുടങ്ങിയവയാണ് പാർട്ടിക്ക് മുന്നിൽ ഉള്ള നിർദേശങ്ങൾ.
തുടർഭരണം പാർട്ടി കേഡർമാർക്ക് ഇടയിൽ അഹങ്കാരം വർധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്ന വിലയിരുത്തൽ ഉണ്ട്. ഇത് തിരുത്താൻ ആവശ്യമായ നിർദേശങ്ങൾ സംസ്ഥാന നേതൃയോഗങ്ങള്‍ തയാറാക്കും.