അടൂർ: സിപിഐഎം കൊടുമണ്‍ ഏരിയാ സെക്രട്ടറിയായി ആര്‍ ബി രാജീവ് കുമാറിനെ തിരഞ്ഞെടുത്തതില്‍ പാര്‍ട്ടി അണികൾക്കിടയിൽ അതൃപ്തി. ഏരിയാ സെക്രട്ടറി തിരഞ്ഞെടുപ്പിനെതിരെ പരസ്യപ്രതികരണവുമായി അണികൾ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി. ഇങ്ങനെ പോയാല്‍ പാര്‍ട്ടിയില്‍ നേതാക്കന്മാരേ കാണൂവെന്നാണ് പ്രവര്‍ത്തകരുടെ വിമര്‍ശനം.
സാധാരണ അണികളുടെ അഭിപ്രായത്തിന് പ്രസക്തിയില്ല, നല്ലവണ്ണം ഒരു പോസ്റ്റര്‍ പോലും ഒട്ടിക്കാത്തയാളാണ് നേതൃത്വത്തിലേക്ക് വരുന്നത്, സകല വിരുദ്ധന്മാരും 10 വര്‍ഷം കൊണ്ട് പാര്‍ട്ടി അംഗങ്ങള്‍ ആയി. യഥാര്‍ത്ഥ സഖാക്കള്‍ പാര്‍ട്ടിക്ക് പുറത്താണ് എന്നതടക്കം സിപിഐഎം നേതൃത്വത്തിന്റെ നടപടിയില്‍ രൂക്ഷവിമര്‍ശനം ഉയരുകയാണ്.
കഴിഞ്ഞ ദിവസമാണ് കൊടുമണ്‍ ഏരിയാ സെക്രട്ടറിയായി ആര്‍ ബി രാജീവ് കുമാറിനെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ പിന്തുണയോടെയാണ് ആര്‍ ബി രാജീവ് കുമാര്‍ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഏരിയാ കമ്മിറ്റിയില്‍ 13 പേരുടെ പിന്തുണ രാജീവിന്‌ലഭിച്ചപ്പോള്‍ എതിരെ മത്സരിച്ച പ്രസന്ന കുമാറിനെ 7 പേര്‍ പിന്തുണച്ചു.