പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വിവാദങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചെന്ന് സിപിഎം ജില്ലാ സമേളനത്തിൽ വിമർശനം. അത് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായി. വിഷയത്തിൽ കണ്ണൂർ – പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ ഒരുമിച്ച് കൊണ്ടുപോകാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും പ്രതിനിധികൾ പൊതുചർച്ചയിൽ പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ സിപിഎമ്മുകാരി ആയതിനാൽ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറി. എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയായിരുന്നു. എന്നാൽ, ഈ നിലപാടിന് വലിയരീതിയിലുള്ള പ്രചാരണം ലഭിച്ചില്ല. പകരം പി.പി ദിവ്യയെ പാർട്ടി സംരക്ഷിക്കുകയാണെന്ന രീതിയിലുള്ള പ്രചാരണമാണ് ഉയർന്നുവന്നതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.