സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ലെന്നാണ് വിമർശനം. എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന് എതിരെയും വിമർശനം ഉയർന്നു. ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം ഉണ്ടായി.
പൊതു ചർച്ചയ്ക്ക് മറുപടി പറയവേ ജില്ലാ നേതൃത്വത്തെ കടന്നാക്രമിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ല എന്ന സംസ്ഥാന സെക്രട്ടറിയുടെ ഗുരുതര വിമർശനം. പാർട്ടിയുടെ പരിശോധനയിൽ ഇത് ബോധ്യമായി. പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ കുറയുന്നത് ബിജെപി വോട്ട് വർദ്ധനവാക്കുന്നു എന്നത് പരിഗണിക്കണമെന്ന് കൂടി സംസ്ഥാന സെക്രട്ടറി ജില്ലാ സമ്മേളനത്തിന്റെ മറുപടിക്കിടെ തുറന്നടിച്ചു. ചർച്ചകൾ പുറത്തുവരും എന്നു കരുതി മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് എം വി ഗോവിന്ദൻ തുടർന്നു.
എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പാർട്ടി ആ കുടുംബത്തിനൊപ്പം എന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറി സിഐടിയു നേതാവ് മലയാലപ്പുഴ മോഹനനെ അഭിപ്രായം പറയാൻ ആരാണ് ചുമതലപ്പെടുത്തിയത് എന്ന് ചോദിച്ചു. മോഹനൻ സിപിഐ ആണ് എന്നാണ് ആദ്യം കരുതിയത് നന്നായിരുന്നു എം വി ഗോവിന്ദന്റെ പരിഹാസം. സമ്മേളനത്തിന്റെ പൊതു ചർച്ചയ്ക്കിടെ അടൂരിലെ ആളുകൾക്ക് പാർട്ടിയിൽ കൂടുതൽ നേതൃസ്ഥാനങ്ങൾ നൽകുന്നു എന്ന പ്രതിനിധികളുടെ വിമർശനം ബഹളത്തിനിടയാക്കി. പ്രസീഡിയം ഇടപെട്ടാണ് പിന്നീട് ബഹളം അവസാനിപ്പിച്ചത്.