ന്യൂഡൽഹി : ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കാനുള്ള കോൺഗ്രസിന്റെ ക്ഷണം സിപിഎം നിരസിച്ചു. യാത്ര കോൺഗ്രസിന്റെ പരിപാടിയാണെന്നും അതിനു വിജയം ആശംസിക്കുന്നതായും പാർട്ടി നേരത്തേ വ്യക്തമാക്കിയതാണെന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.
ശ്രീനഗറിലേക്ക് ‘സമാനഹൃദയരായ’ പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ക്ഷണിച്ചത്. പാർട്ടിയുടെ ജനസമ്പർക്ക പരിപാടിയായി തുടങ്ങിയതിനുശേഷം സമാപനത്തിൽ യാത്രയെ പ്രതിപക്ഷത്തിന്റെ വേദിയാക്കി മാറ്റുന്നതിനോടു യോജിക്കുന്നില്ലെന്നാണു സിപിഎം നിലപാട്.
ക്ഷണം ലഭിച്ചതിൽ 10 പാർട്ടികളെങ്കിലും ശ്രീനഗറിലേക്കു പോകില്ലെന്നാണു സിപിഎമ്മിന്റെ വിലയിരുത്തൽ. അത്തരമൊരു സാഹചര്യം പ്രതിപക്ഷനിരയിൽ ഭിന്നിപ്പെന്നു പ്രചരിപ്പിക്കാൻ ബിജെപി ഉപയോഗിക്കുമെന്നും വേണ്ടത്ര കൂടിയാലോചനയില്ലാത്തതിനു കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും സിപിഎം വിമർശിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ‘മുണ്ടുടുത്ത മോദി’ എന്നു ജയ്റാം രമേശ് പരിഹസിച്ചതുൾപ്പെടെ പരിഗണിച്ചാണ് ക്ഷണം നിരസിക്കാനുള്ള തീരുമാനമെന്ന് നേതാക്കൾ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് സംഘടിപ്പിച്ച പരിപാടിയിൽ പിണറായി പങ്കെടുത്തിരുന്നു. എന്നാൽ, ഹൈദരാബാദിലെ സമ്മേളനത്തെ ഏതെങ്കിലും പാർട്ടിയുടെ പരിപാടിയായി കണക്കാക്കാനാവില്ലെന്നും കേന്ദ്രത്തിനെതിരെയുള്ള ചില വിഷയങ്ങളുടെ പേരിലുള്ളതായിരുന്നു അതെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.