തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും മുൻ ഏരിയ കമ്മിറ്റി അംഗം പരാതി നൽകി.
സമരക്കേസിൽപ്പെട്ടവരെ ജാമ്യത്തിലിറക്കാൻ എട്ടുലക്ഷം രൂപ പിരിച്ചിരുന്നു. കേസ് വെറുതെ വിട്ടതിനാൽ ഈ തുക തിരികെ ലഭിച്ചെന്നും ഇത് പാർട്ടിക്ക് നൽകിയില്ലെന്നും മുൻ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതിയില്‍ പറയുന്നു. രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ ആരോപണം.
ചാല ഏരിയ കമ്മിറ്റിയിലാണ് ഫണ്ട് തട്ടിപ്പ് ആരോപണം ഉണ്ടായത്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പ്രതിഷേധത്തിനിടെ എട്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ ജാമ്യത്തിലിറക്കാനാണ് എട്ട് ലക്ഷം രൂപ പിരിച്ചത്. പത്ത് ലോക്കൽ കമ്മിറ്റികളാണ് പണം പിരിച്ചത്. ഒരു വർഷം മുമ്പ് കേസ് പിൻവലിച്ചതോടെ തുക പ്രതികളുടെ അക്കൗണ്ടിലെത്തി. ഒരു ലക്ഷം രൂപ വീതമാണ് ഓരോ ആളിന്റെയും അക്കൗണ്ടിലെത്തിയത്. ഏരിയ നേതാക്കൾക്കും പ്രവര്‍ത്തകർ പണം കൈമാറി. ഈ തുക പാർട്ടി അക്കൗണ്ടിലേക്ക് കൈമാറാനോ ചെലവ് കമ്മിറ്റികളിൽ അവതരിപ്പിക്കാനോ നേതാക്കൾ തയാറായില്ല. പണം തട്ടിയെടുത്തവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.