ആന്ധ്രാപ്രദേശ് വിജയവാഡയില്‍ പതിനെട്ട് മാസം മാസം പ്രായമായ പെണ്‍ കുഞ്ഞിനെ പിതാവ് വിഷം കൊടുത്ത് കൊന്നു. പ്രസാദത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. കുഞ്ഞിന് ഇരുണ്ട നിറമാണ് എന്ന കാരണത്താലാണ് കൊലപാതകം എന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. ശ്രാവണി മഹേഷ് ദമ്പതികളുടെ മകള്‍ അക്ഷയയാണ് കൊല്ലപ്പെട്ടത്.
വിജയവാഡയില്‍ താമസക്കാരിയായ ശ്രാവണിയും മഹേഷും മൂന്ന് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞിന്‍റെ ജനനത്തിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും കുട്ടിക്ക് ഇരുണ്ട നിറമാണെന്ന കാരണത്താല്‍ നിരന്തരം ഉപദ്രവിച്ചിരുന്നു എന്നാണ് ശ്രാവണിയുടെ മൊഴി. കുഞ്ഞിന്‍റെ അടുത്ത് ഇരിക്കുന്നതും ഭര്‍തൃവീട്ടുകാര്‍ വിലക്കിയിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് അമ്മ ശ്രാവണി കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മൂക്കില്‍ നിന്ന് രക്തം വന്ന നിലയിലായിരുന്നു കുട്ടി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി അസുഖം മൂലം മരണപ്പെട്ടു എന്ന് ബന്ധുക്കളോട് പറയാന്‍ ഭര്‍ത്താവ് മഹേഷ് ശ്രാവണിയിലെ നിര്‍ബന്ധിച്ചു. പിന്നാലെ ഭര്‍തൃവീട്ടുകാര്‍ ഇടപെട്ട് കുട്ടിയുടെ മൃതദേഹം വേഗത്തില്‍ സംസ്കരിക്കുകയും ചെയ്തു. ഇതില്‍ സംശയം തോന്നിയ ശ്രാവണിയുടെ ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ശ്രാവണി തന്നെ സത്യങ്ങള്‍ തുറന്ന് പറയുകയായിരുന്നു. പിന്നാലെ പൊലീസില്‍ പരാതിയും നല്‍കി. ഇയാള്‍ ഭിത്തിയിലെറിഞ്ഞും കുട്ടിയെ കൊല്ലാന്‍ നോക്കിയിട്ടുണ്ടെന്നും അമ്മ ശ്രാവണി മൊഴിനല്‍കി.