കാൺപൂർ: ഒരാളെ കൊല്ലാനുള്ള മാർഗങ്ങൾ യൂട്യൂബിലൂടെയും ഗൂഗിളിലൂടെയും മനസിലാക്കിയ 10-ാം ക്ലാസുകാരൻ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സഹപാഠിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് നാലാഴ്ചയിലേറെയായി ഒരാളെ എങ്ങനെ കൊലപ്പെടുത്താം എന്നതിനെ അടിസ്ഥാനമാക്കി പ്രതി നിരവധി വീഡിയോകൾ കണ്ടിരുന്നതായി പോലീസ് പറഞ്ഞു.
യൂട്യൂബിൽ കണ്ട വീഡിയോയുടെ മാതൃകയിലാണ് സഹപാഠിയെ 10-ാം ക്ലാസുകാരൻ കൊലപ്പെടുത്തിയതെന്നും ഇരയുടെ കഴുത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. സഹപാഠിയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളാണ് പ്രതിയെ കൊലപാതകത്തിലേയ്‌ക്ക് നയിച്ചതെന്ന് ഘതംപൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വ്യക്തമാക്കി. കൊലപാതകത്തിന്റെ വഴികൾ പഠിക്കാൻ താല്പര്യമുണ്ടായിരുന്ന പ്രതി, ബന്ധുക്കളുടെ മൊബൈൽ ഫോണുകളിലൂടെയാണ് വീഡിയോകൾ കണ്ടിരുന്നത്. പ്രതിയായ വിദ്യാർത്ഥി സന്ദർശിച്ച സൈറ്റുകളും കണ്ട വീഡിയോകളും കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.
പ്രതിയും ഇരയും ഒരേ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും നിരന്തരം ഏറ്റുമുട്ടലുകൾ പതിവായിരുന്നെന്നും സഹപാഠി തന്നെ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കിയിട്ടുണ്ടായിരുന്നെന്നും ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. സഹപാഠി തന്നെ കൊല്ലുമെന്ന ഭയത്താലാണ് താൻ സഹപാഠിയെ കൊന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
ഇരയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൊല കുറ്റത്തിന് പോലീസ് കേസെടുത്തു. ആധാർകാർഡ് പ്രകാരം 14 വയസായതിനാൽ പ്രതിയെ ജുവനൈൽ ഹോമിലേയ്‌ക്ക് മാറ്റാനാണ് പോലീസിന്റെ നീക്കം. ക്ലാസ്മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളതിനാൽ ഇത് തെളിവിനായി പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.