തിരുനൽവേലി: പ്രണയം നിരസിച്ചതിന് യുവതിയെ, പതിനേഴുകാരന് വെട്ടി കൊലപ്പെടുത്തി. സന്ധ്യയെന്ന ഫാൻസി സ്റ്റോർ ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് തിരുനെൽവേലിയിലാണ് നാടിനെ നടുക്കിയ കൊലപാതകം. കൊലയ്ക്കുശേഷം കടന്നുകളഞ്ഞ പതിനേഴുകാരനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
തിരുനെൽവേലി ടൗണിലെ ഒരു ഫാൻസി സ്റ്റോർ ജീവനക്കാരിയായ സന്ധ്യ എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇതേ കടയിലെ ജീവനക്കാരൻ തന്നെയായിരുന്ന 17 കാരനാണ് കൊല നടത്തിയത്. പ്രതി നിരവധി തവണ സന്ധ്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. യുവതി വഴങ്ങാതെ വന്നതോടെ അടുത്തിടെ കടയിൽ കൗമാരക്കാരൻ ബഹളമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉടമ ഇയാളെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു. തിങ്കളാഴ്ച ഉച്ചയോടെ കടയിലേയ്ക്ക് സാധനങ്ങൾ എടുക്കാൻ അടുത്തുള്ള ഗോഡൗണിൽ പോയ സന്ധ്യ ഏറെ നേരം കഴിഞ്ഞും മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗോഡൗണിൽ കഴുത്തിന് വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ സന്ധ്യയെ കണ്ടെത്തിയത്.