ബെംഗളൂരു : കർണാടകയിലെ ബെളഗാവിയിൽ വീട്ടമ്മയെ വീട്ടിൽ നിന്ന് വലിച്ചിറക്കി, നഗ്നയാക്കി, തൂണിൽ കെട്ടിയിട്ട് മർദിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവരുടെ മകന്‍ ഒരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയിരുന്നു. പിന്നാലെ, പെൺകുട്ടിയുടെ വീട്ടുകാരെത്തിയാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നേരിട്ടു പങ്കുള്ള ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിയുടെ മകന്‍ പെൺകുട്ടിയുമായി കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. പെൺകുട്ടി ഒളിച്ചോടിയെന്ന വാർത്തയറിഞ്ഞതിനു പിന്നാലെ, പെൺകുട്ടിയുടെ വീട്ടുകാർ ആൺകുട്ടിയുടെ വീട്ടിലേക്ക് ഓടിയെത്തി. തുടർന്ന് ആൺകുട്ടിയുടെ അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച ശേഷം അവരെ നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിലെത്തി സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംഭവത്തോട് പ്രതികരിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ബെളഗാവിയിൽ മാത്രമല്ല, തങ്ങളുടെ സർക്കാർ എല്ലായിടത്തും കർശനമാണെന്നും എന്ത് കുറ്റം ചെയ്താലും കുറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ‘‘ബെളഗാവിയിൽ സ്ത്രീയെ നഗ്നയാക്കുകയും തൂണിൽ കെട്ടിയിട്ട് ആക്രമിക്കുകയും ചെയ്തത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. ഇത്തരം ഹീനമായ പ്രവൃത്തികൾ ഒരു കാരണവശാലും സർക്കാർ വച്ചുപൊറുപ്പിക്കില്ല’’– അദ്ദേഹം എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തു.