വിവാഹശേഷവും മുന്‍ കാമുകനുമായി പ്രണയത്തിലാണെന്ന് ആരോപിച്ച് 17കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്. കൊലപാതകശേഷം മകളുടെ മൃതദേഹം കത്തിച്ചു. കഴിഞ്ഞ മെയില്‍ നടന്ന ദാരുണസംഭവം ഇപ്പോഴാണ് പുറത്തുവന്നത്. കോലാറിലെ മുല്‍ബാഗലിലുള്ള മുസ്തൂരു ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന കേസ് അന്വേഷിച്ച നംഗലി പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കൊല നടത്തിയത് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണെന്ന് തെളിഞ്ഞതോടെ പൊലീസ് മുസ്തൂരു സ്വദേശി രവിയെ അറസ്റ്റ് ചെയ്തു.
അര്‍ച്ചിത എന്ന 17 വയസുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒന്നാംവര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായിരുന്നു അര്‍ച്ചിത. ബന്ധുവായിരുന്ന യുവാവുമായി അര്‍ച്ചിത പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു . അര്‍ച്ചിതയുടെ ഈ ബന്ധത്തെ പിതാവ് എതിര്‍ക്കുകയും മകളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. എന്നാല്‍ ഭര്‍തൃവീട്ടില്‍ നില്‍ക്കാന്‍ അര്‍ച്ചിത തയ്യാറായില്ല. മാത്രമല്ല മുന്‍ കാമുകനുമായുളള ബന്ധം ഫോണിലൂടെ തുടരുകയും ചെയ്തു. അര്‍ച്ചിതയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയ ഭര്‍ത്താവ് പിതാവ് രവിയെ വിളിച്ച് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ രോഷാകുലനായ രവി മകളെ ഭര്‍തൃവീട്ടില്‍ നിന്നും തന്‍റെ ഫാം ഹൗസിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് മകളെ തല്ലിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. തിരികെ വീട്ടിലെത്തിയ രവി പിന്നീട് മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതൊരു കൊലപാതകമാണെന്ന് സൂചന ലഭിക്കുന്നത് ആരോ അയച്ച ഒരു കത്തില്‍ നിന്നുമാണ്.