പാലക്കാട്: കോൺഗ്രസ് ഭരണ സമിതിക്ക് കീഴിലുള്ള ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിൽ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട് പാലക്കാട് സ്വദേശി. 30 ലക്ഷത്തോളം രൂപയാണ് മാത്തൂർ മഠത്തിൽ വീട്ടിൽ കൃഷ്ണകുമാറിന് നഷ്ടപ്പെട്ടത്. തിരുവില്വാമല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയാണ് നഷ്ടമായത്. ബാങ്കിൽ ആകെ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് ആരോപണമുയർന്നു. 17 നിക്ഷേപകർക്ക് പണം നഷ്ടമായി.
2018 ലാണ് തിരുവില്വാമല സർവീസ് സഹകരണ ബാങ്കിന്റെ നടുവത്തുപാറ ശാഖയിൽ കൃഷ്ണകുമാർ ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപം ആരംഭിക്കുന്നത്. കെഎസ്ഇബിയിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം 2023 വരെ 21 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചത്. പലിശ അടക്കം 30 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ ഉണ്ടെന്ന പ്രതീക്ഷയിൽ കഴിഞ്ഞമാസം ബാങ്കിലെത്തി. പണം പിൻവലിക്കാനായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അവശേഷിക്കുന്നത് 8098 രൂപ മാത്രമാണ് എന്ന് കൃഷ്ണകുമാർ അറിയുന്നത്.
തിരുവില്വാമല ബാങ്കിലെ ഹെഡ് ക്ലാർക്ക് ആയിരുന്ന സുനീഷിന്റെ കൈവശമായിരുന്നു നിക്ഷേപത്തുകയെല്ലാം കൃഷ്ണകുമാർ ഏൽപ്പിച്ചത്. കൃത്യമായി സുനീഷ് റസീപ്റ്റും നൽകി. ഇതിനുശേഷമായിരുന്നു തട്ടിപ്പ്. പല ഇടപാടുകൾക്കും റസീപ്റ്റ് നൽകിയെങ്കിലും തുക വരവ് വെച്ചില്ല. നിക്ഷേപകൻ അറിയാതെ പല എഫ് ഡികളും ക്ലോസ്ചെയ്യുകയും ലോൺ എടുക്കുകയും ചെയ്തു. സുനീഷിന്റെ തട്ടിപ്പിനിരയായത് ആകെ 17 പേരാണ്. വിശ്വാസ്യത നടിച്ചാണ് ഇയാൾ ഇത്രയും പണം അടിച്ചു മാറ്റിയത്.
തട്ടിപ്പിനെ കുറിച്ച് ഏറെ വൈകിയാണ് അറിഞ്ഞതെന്നും സുനീഷിനെതിരെ പരാതി നൽകിയെന്നും ബാങ്കിന്റെ വിശദീകരണം. പഴയന്നൂർ പൊലീസ് സുനീഷിനെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. എന്തുചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് കൃഷ്ണകുമാർ. ഒരായുസ്സ് മുഴുവൻ അധ്വാനിച്ചതൊക്കെയുമാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.