പത്തനംതിട്ട : പ്രതികളുമായി സുഹൃത്തിനുണ്ടായ തർക്കം ഇടപെട്ട് പരിഹരിച്ചതിന്റെ പേരിലെ വിരോധത്താൽ യുവാവിന്റെ വീട്ടിലേക്ക് സ്‌ഫോടകവസ്തുക്കളും മറ്റും എറിഞ്ഞകേസിൽ 3 പ്രതികളെ കീഴ്‌വായ്പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മുണ്ടിയപ്പള്ളി വാക്കേകടവ് ആശാരിപ്പറമ്പിൽ വീട്ടിൽ എ.എസ് രാകേഷ്(32),മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ മാമണത്ത് വീട്ടിൽ എം സോനു (26), കൊല്ലം കരിക്കോട് ടികെഎം കോളേജിന് സമീപം ബിൻസി വീട്ടിൽ എൻ നിസാർ (26) എന്നിവരാണ് പിടിയിലായത്. നാലാം പ്രതി മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം വെള്ളാപ്പള്ളി വീട്ടിൽ അനീഷ് കെ എബ്രഹാം(27) ഒളിവിലാണ്. സോനു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, കാപ്പ നിയമനടപടികൾക്ക് വിധേയനുമായ ആളാണ്.
കുന്നന്താനം പ്ലാത്താനം തെക്കേവീട്ടിൽ സായികുമാറിന്റെ വീട്ടിലേക്കാണ് ജനുവരി 20 ന് രാത്രി പന്ത്രണ്ടോടെ പ്രതികൾ സ്‌ഫോടകവസ്തുക്കളും മറ്റും എറിഞ്ഞത്. സായികുമാറിന്റെ സുഹൃത്ത് ജയേഷുമായി പ്രതികൾ തലേദിവസം ആഞ്ഞിലിത്താനത്ത് വച്ചുണ്ടായ വാക്കുതർക്കം ഇയാൾ ഇടപെട്ട് പരിഹരിച്ചിരുന്നു. അന്നുതന്നെ ഇതിന്റെ പേരിൽ പ്രതികൾ ഇയാളെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പിറ്റേന്ന് പ്രതികൾ നാടൻ ബോംബ് പോലുള്ള വസ്തു വീട്ടുമുത്തേക്ക് എറിയുകയായിരുന്നു. പെട്രോൾ നിറച്ച ബിയർ കുപ്പി എറിഞ്ഞു പൊട്ടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ, വീട്ടുകാർ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ പോലീസ് വീട്ടിലെത്തി വിവരം അന്വേഷിക്കുകയും, സായികുമാറിന്റെ മൊഴിരേഖപ്പെടുത്തി പിറ്റേന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം, ബോംബ് സ്‌ക്വാഡ്, പോലീസ് ഫോട്ടോഗ്രാഫർ തുടങ്ങിയവർ വിദഗ്ദ്ധ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. നാടൻ ബോംബിനു സമാനമായ വസ്തു ബോംബ് സ്‌ക്വാഡിലെ വിദഗ്ദ്ധർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി സ്റ്റേഷനിലേക്ക് മാറ്റി,
വീട്ടിലേക്ക് സ്‌ഫോടകവസ്തുക്കൾ എറിഞ്ഞ് സംഭവം: 3 പ്രതികൾ പിടിയിൽ
RELATED ARTICLES