ചെന്നൈ: സ്‌കൂൾ ബസിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചതോടെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സേലത്താണ് സംഭവം. സേലം എടപ്പാടി സ്വദേശിയായ കന്ദഗുരു (14) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ബസിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് സ്‌കൂൾ ബസിൽ വീട്ടിലേയ്ക്ക് വരികയായിരുന്നു കന്ദഗുരു. ഇതിനിടെ സീറ്റിനെ ചൊല്ലി കന്ദഗുരുവും സഹപാഠിയും തമ്മിൽ തർക്കമായി. തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. കന്ദഗുരുവിനെ സഹപാഠി അടിച്ച് താഴെയിടുകയായിരുന്നു. തലയിടിച്ചായിരുന്നു കുട്ടി നിലത്ത് വീണത്. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടൻതന്നെ കന്ദഗുരുവിനെ സേലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.