ബെംഗളൂരു : ഹിമാചൽ സ്വദേശിനിയായ എയർഹോസ്റ്റസ് മരിച്ച കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശി ആദേശ്, യുവതിയെ അപ്പാർട്മെന്റിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതായി ബെംഗളൂരു പൊലീസ് അറിയിച്ചു. കോറമംഗലയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലെ നാലാം നിലയിൽ നിന്നു വീണ നിലയിൽ കഴിഞ്ഞദിവസമാണ് അർച്ചന ധിമന്റെ (28) മൃതദേഹം കണ്ടെത്തിയത്.
സോഫ്റ്റ്‌വെയർ എൻജിനീയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടതെന്നും 7 മാസമായി അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റൊരു പ്രണയത്തെ അർച്ചന ചോദ്യം ചെയ്തതോടെയാണു വാക്കുതർക്കത്തെ തുടർന്ന് തള്ളിയിട്ടതെന്നും അറിയിച്ചു. അർച്ചനയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞദിവസം തന്നെ ആദേശിനെ അറസ്റ്റ് ചെയ്തിരുന്നു.
ദുബായിൽനിന്ന് അർച്ചന 7നാണ് ബെംഗളൂരുവിൽ എത്തിയത്. കുറച്ചുനാളുകളായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ബന്ധം പിരിയാൻ തീരുമാനിച്ചതിനെ തുടർന്നാണ് അർച്ചന ദുബായിൽനിന്നു ബെംഗുളൂരുവിൽ എത്തിയതെന്നാണു സൂചന. വെള്ളിയാഴ്ച രാത്രി ഇരുവരും തിയറ്ററിൽ സിനിമ കാണാൻ പോയി. ഇതിനുശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയതു പിന്നാലെയാണ് അർച്ചന നാലാം നിലയിൽനിന്നു വീണു മരിച്ചത്.