മോഷണക്കുറ്റം ആരോപിച്ച് അധ്യാപകര്‍ പരസ്യമായി തുണിയുരിഞ്ഞു പരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിലാണ് സംഭവം. ബാഗൽ കോട്ട് റൂറൽ പോലീസ് കേസെടുത്തു.
കദംപുര സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണു ക്രൂരമായ അവഹേളനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിലെ അധ്യാപികയുടെ ബാഗില്‍ നിന്ന് 2000 രൂപ കാണാതായിരുന്നു. ജയശ്രീയെന്ന അധ്യാപികയുടെ പണമാണ് കാണാതായത്. ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളോടും ചോദിച്ചെങ്കിലും ആരും പണമെടുത്തുവെന്ന് സമ്മതിച്ചില്ല. തുടര്‍ന്ന് സംശയമുള്ള നാലുപേരെ സ്റ്റാഫ് റൂമിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് അധ്യാപകരുടെയും കുട്ടികളുടെയും മുന്നില്‍ വച്ചു കുട്ടികളുടെ വസ്ത്രമഴിച്ചു പരിശോധിക്കുകയായിരുന്നു. തുടര്‍ന്നു കുട്ടികളെ സമീപത്തെ ക്ഷേത്രത്തിലെത്തിച്ചു സത്യം ചെയ്യിച്ചു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. മരിച്ച കുട്ടിയുടെ സഹോദരി പറഞ്ഞാണു വീട്ടുകാർ വിവരം അറിയുന്നത്. മാതാപിതാക്കളുടെ പരാതിയില്‍ ബാഗൽകോട്ട് റൂറൽ പോലീസ് കേസെടുത്തു. അധ്യാപിക ജയശ്രീ ഹെഡ്മാസ്റ്റര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.