തിരുവനന്തപുരം : ബീമാപളളി ഉറൂസിനെത്തിയ ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അസം ഹോജാന്‍ ജില്ലയിലെ ഡാങ്കിഗാവ് സ്വദേശിയും അംഗപരിമിതനുമായ സദാം ഹുസൈനെ മൂന്ന് വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. ഇതിനു പുറമെ 15,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പോക്‌സോ കോടതി ജഡ്ജി എ.പി. ഷിബുവാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.
2022ലെ ഉറൂസിനെത്തിയ പെണ്‍കുട്ടിയുടെ കുടുംബം ഉറൂസ് കണ്ട് രാത്രി പളളി പരിസരത്ത് കിടന്ന് ഉറങ്ങുമ്പോഴായിരുന്നു പ്രതിയുടെ ആക്രമണം. പെണ്‍കുട്ടിയുടെ വസ്ത്രം പ്രതി മാറ്റാന്‍ ശ്രമിക്കുന്നത് കണ്ട കുട്ടിയുടെ മാതാവ് ബഹളം വച്ചു. ഇത് കേട്ട് ഓടിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതി മോഷണ ശ്രമമാണ് നടത്തിയതെന്നും കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമുളള പ്രതിഭാഗത്തിന്റെ വാദം കോടതി തളളി.
അംഗപരിമിതനായ പ്രതിക്ക് കേരളത്തില്‍ ആരും സഹായത്തിനില്ലെന്നും പ്രതിഭാഗം വാദിച്ചു. അംഗപരിമിതത്വം പോക്‌സോ കേസ് ചെയ്യാനുളള ഇളവായി കണക്കാക്കാനാകില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ.കെ.അജിത് പ്രസാദ് ഹാജരായി.