ക്വട്ടേഷന്‍ നല്‍കി അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനേഴുകാരനായ മകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. മകന്‍റെ വഴി വിട്ട സഞ്ചാരം പിതാവ് ചോദ്യം ചെയ്തതും പോക്കറ്റ് മണി നല്‍കാതിരുന്നതുമാണ് വൈരാഗ്യത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. മകന്‍റെ സുഹൃത്തുക്കളടങ്ങുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. മകനെ സ്കൂളിലേക്ക് കൊണ്ടു പോകും വഴി മൂന്നംഗ സംഘമെത്തി വാഹനം തടഞ്ഞ് 55കാരന് നേരെ നിറയൊഴിക്കുകയായിരുന്നു.
അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ തീരുമാനിച്ച 17കാരന്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വാടകക്കൊലയാളിയെ കണ്ടെത്തിയത്. 20 ലക്ഷം രൂപ വാടകക്കൊലയാളി പ്രതിഫലമായി ആവശ്യപ്പെട്ടെങ്കിലും ആറ് ലക്ഷം രൂപയില്‍ ‘ഡീല്‍’ ഉറപ്പിക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപ കുട്ടി അഡ്വാന്‍സായി നല്‍കിയെന്നും പൊലീസ് കണ്ടെത്തി. സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് ഈ പണം നല്‍കിയതെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
17കാരന്‍റെ സഹോദരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 17 കാരനെ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.