ന്യൂഡൽഹി: ജോലിക്കായി കാനഡയിലേക്ക് അനുവദിക്കാത്തതിനെ തുടർന്ന് അമ്മയെ മകൻ കുത്തിക്കൊന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ ബദർപൂർ പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അൻപതുകാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്. 31-കാരനായ മകൻ കൃഷ്ണകാന്തിനെ പൊലീസ് അറസ്റ്റുചെയ്തു. വിദേശത്തേക്കു പോകുന്നതിനെ ചൊല്ലി കഴിഞ്ഞദിവസം വീട്ടിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം കൃഷ്ണകാന്ത് പിതാവ് സുർജീത് സിങ്ങിനെ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
ഗീതയുടെ ശരീരത്തിൽ ഒന്നിലധികം കുത്തുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൃഷ്ണകാന്താണ് താൻ അമ്മയെ കൊലപ്പെടുത്തിയതെന്ന് പിതാവിനെ അറിയിച്ചത്. ഗീത രക്തത്തിൽ കുളിച്ച് കിടക്കുന്നതും കൃഷ്ണകാന്ത് തന്നെയാണ് പിതാവിനെ കാണിച്ചു കൊടുത്തതും. ഇതിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. ഗീതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കൃഷ്ണകാന്ത് തൊഴിൽ രഹിതനാണ്. ഇയാൾ മയക്കു മരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് കണ്ടെത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ജോലിക്കായി കാനഡയിലേക്ക് അനുവദിക്കാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. അമ്മ കല്ല്യാണം കഴിക്കാൻ നിർബന്ധിച്ചതായും പ്രതി വെളിപ്പെടുത്തി.