മലപ്പുറം: കൊണ്ടോട്ടിയില്‍ 9 വയസുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍. കൊണ്ടോട്ടി സ്വദേശി കമ്മദ് ആണ് പിടിയിലായത്. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സംഭവം പുറത്തറിഞ്ഞതിന് ശേഷം മുന്‍കൗണ്‍സിലര്‍ വീട്ടില്‍ എത്തി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്നും കുടുംബം ആരോപിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കട ഉടമ പറഞ്ഞതായും കുട്ടി വെളിപ്പെടുത്തി.
പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്നും ആദ്യ ഘടത്തില്‍ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും കുടുംബം വെളിപ്പെടുത്തി. പിന്നീട് മന്ത്രി മുഹമ്മദ് റിയാസിനെ വിവരമറിയിച്ച ശേഷം മന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തതെന്നും കുടുംബം വെളിപ്പെടുത്തി.



