ന്യൂഡൽഹി: രാജ്യത്തെ ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിച്ച പുതിയ ബില്ലിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബില്ലിൽ പ്രധാനമായും ചർച്ചയാകുന്നത് രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട മാറ്റമാണെങ്കിലും മറ്റ് വിവിധങ്ങളായ കുറ്റങ്ങൾക്കുള്ള ശിക്ഷയിലും വലിയ മാറ്റമുണ്ട്.
കുട്ടികളെ ബലാത്സംഗം ചെയ്താലുള്ള ശിക്ഷകളിൽ വധശിക്ഷയും ഉൾപ്പെടുത്തി എന്നതാണ് പ്രധാനമാറ്റം. കൂട്ട ബലാത്സംഗത്തിനുള്ള ശിക്ഷ 20 വർഷം വരെ തടവ് ലഭിക്കാം എന്നും മാറ്റിയിട്ടുണ്ട്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഏഴിൽ നിന്ന് 10 വർഷമായും കൂട്ടുന്നതാണ് പുതിയ ബില്ല്. ആൾമാറാട്ടം നടത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരെ ശിക്ഷിക്കാനും പുതിയ നിയമപ്രകാരം സാധിക്കും. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മറ്റുള്ളവരെ തട്ടിപ്പിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ശിക്ഷ ലഭിക്കുമെന്ന് സാരം.
ആൾക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷയിലും വലിയ മാറ്റമുണ്ട്. ഇത്തരം കേസുകളിലും വധശിക്ഷ വിധിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് പുതിയ ബില്ലിലുള്ളത്. ആൾക്കൂട്ട കൊലപാതകത്തിന് 7 വർഷമോ, ജീവപര്യന്തം തടവോ, വധശിക്ഷയോ നൽകാമെന്നാണ് പുതിയ ബില്ലിൽ പറയുന്നത്. സംഘടിത ആക്രമണങ്ങൾക്ക് പ്രത്യേക ശിക്ഷയും ബില്ലിൽ വിവരിക്കുന്നുണ്ട്. ഇത്തരം കേസുകൾ അധികാര പരിധി പരിഗണിക്കാതെ ഏതു പൊലീസ് സ്റ്റേഷനിലും നൽകാമെന്നാണ് ബില്ലിലെ വ്യവസ്ഥ. രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റണം. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകണം