ലിസ്ബൺ: കരിയറില്‍ 900 ഗോളുകൾ തികച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. മത്സരം പോർച്ചുഗൽ 2–1ന് വിജയിച്ചു. 34–ാം മിനിറ്റിൽ നുനോ മെൻഡസിന്റെ ക്രോസ് പിടിച്ചെടുത്ത് ക്ലോസ് റേഞ്ചിൽനിന്ന് റൊണാൾഡോയുടെ വോളി വലയിലെത്തുകയായിരുന്നു. രാജ്യാന്തര ഫുട്ബോളിൽ 131 ഗോളുകളാണ് റൊണാൾഡോയ്ക്കുള്ളത്.
450 ഗോളുകൾ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലും 145 എണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡിലും 101 ഗോളുകൾ യുവന്റസിലും 68 ഗോളുകൾ അൽ നസ്റിലും അഞ്ചെണ്ണം ആദ്യ ക്ലബ്ബായ സ്പോർടിങ് ലിസ്ബനിലും താരം സ്വന്തമാക്കി. 859 കരിയർ ഗോളുകളുമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 765 ഗോളുകളുമായി ബ്രസീൽ ഇതിഹാസ താരം പെലെയാണ് മൂന്നാമത്.