ദമ്മാം: ലോകത്തിലെ മികച്ച നൂറ് വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം. ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം വിമാനത്താവളങ്ങൾ പങ്കെടുത്ത സ്‌കൈട്രാക്സ് സർവേയിൽ 44ാം സ്ഥാനം ദമ്മാം വിമാനത്താവളം നേടി. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമെന്ന പദവിയും ദമ്മാം നിലനിർത്തി.
ആംസ്റ്റർഡാമിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലാണ് പ്രഖ്യാപനം. പശ്ചിമേഷ്യയിലെ പ്രാദേശിക വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനവും കിംഗ് ഫഹദ് വിമാനത്താവളത്തിനുണ്ട്. ഒരു കോടി യാത്രക്കാരാണ് പ്രതിവർഷം വിമാനത്താവളം വഴി യാത്ര ചെയ്തത്. സ്റ്റാഫുകളുടെ ക്രമീകരണത്തിൽ ആറാം സ്ഥാനവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനവും ദമ്മാം എയർപോർട്ട നേടി.