മഡ്രിഡ്: സ്‌പെയിനിന്റെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ഡേവിഡ് സില്‍വ വിരമിക്കല്‍ പ്രഖ്യാപിച്ചു. 37 കാരനായ സില്‍വ ദീര്‍ഘകാലം ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പരിക്കുമൂലമാണ് താരം ഫുട്‌ബോളിനോട് വിടപറഞ്ഞത്.
സ്‌പെയിനായി 125 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 35 ഗോളുകള്‍ നേടി. മിഡ്ഫീല്‍ഡറായ സില്‍വ സ്‌പെയിനിനൊപ്പം 2010 ലോകകപ്പ് കിരീടവും 2012 യൂറോ കപ്പും സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് താരം 2018-ല്‍ വിരമിച്ചിരുന്നു.
പത്തുവര്‍ഷത്തോളം സിറ്റിയില്‍ കളിച്ച 37 കാരനായ സില്‍വ നാല് തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി. രണ്ട് എഫ്.എ കപ്പുകളിലും അഞ്ച് ലീഗ് കപ്പുകളിലും പങ്കാളിയായി. 2010-ല്‍ സിറ്റിയിലെത്തിയ താരം 2020 വരെ ടീമിനായി 309 മത്സരങ്ങള്‍ കളിച്ചു. 60 ഗോളുകളും നേടി. 2020-ലാണ് താരം റയല്‍ സോസിഡാഡിലേക്ക് ചേക്കേറിയത്. സോസിഡാഡിനായി 74 മത്സരങ്ങള്‍ കളിക്കുകയും ആറ് ഗോളുകള്‍ നേടുകയും ചെയ്തു.