പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചത് തർക്കത്തിനിടയാക്കി. ഷൊർണൂർ സ്‌റ്റേഷനിൽ ട്രെയിനിനു നൽകിയ സ്വീകരണത്തിനിടെയാണ് പ്രവർത്തകർ ബോഗിയിലെ ഗ്ലാസിൽ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്‌റ്റർ പതിപ്പിച്ചത്. പിന്നാലെ ആർപിഎഫ് ഉദ്യോഗസ്ഥർ പോസ്റ്റർ കീറിക്കളഞ്ഞു. പോസ്റ്റർ പതിപ്പിച്ച ആളും ആർപിഎഫ് ഉദ്യോഗസ്ഥനും തമ്മിലാണ് തർക്കമുണ്ടായത്.
അതേസമയം, പോസ്‌റ്റർ പതിപ്പിക്കാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റർ പതിപ്പിച്ചതെന്ന് വി.കെ. ശ്രീകണ്ഠനും പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ കൈവശം പശയോ കവറോ ഉണ്ടായിരുന്നില്ല. മഴസമയത്ത് ഫോട്ടോയെടുക്കാൻ ആരെങ്കിലും ചിത്രം ഗ്ലാസ്സിൽ ചേർത്തുവച്ചതാകാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ബിജെപി ബോധപൂർവം വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തേ, വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ് അനുവദിക്കാതിരുന്ന വേളയിൽ എംപി ഇടപെട്ട് റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നാലെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചപ്പോഴാണ് ഷൊർണൂരിൽ സ്റ്റോപ് അനുവദിച്ചത്.