ജമ്മു കശ്മീരിലെ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. ജമ്മുവിലെയും കശ്മീരിലെയും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശ്രീനഗറില്‍ ജമ്മുകശ്മീരിലെ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ജമ്മുകശ്മീരിലെ ജനങ്ങളെ എല്ലാ കാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുത്തുകയാണ്. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായാണ് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്. തങ്ങളുടെ തെറ്റായ നയങ്ങളും പരാജയവും മറച്ചുവയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജമ്മുവിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ജമ്മുകശ്മീരിലെ തൊഴിലില്ലായ്മ, വികസന പ്രശ്‌നങ്ങള്‍, വിലക്കയറ്റം എന്നിവയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ബിജെപിയുടെ ബോധപൂര്‍വായ നീക്കമാണിത്. കോണ്‍ഗ്രസിന്റെ ജനപക്ഷ നയങ്ങള്‍ മൂലം യുവാക്കള്‍ കോണ്‍ഗ്രസിലേക്കെത്തുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.