റിയാദ്: സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു. മധ്യപൂർവേഷ്യൻ-ഉത്തരാഫ്രിക്കൻ മേഖലയിൽ ആദ്യ ആഡംബര ട്രെയിൻ സർവിസ് ആയി മാറും ‘ഡെസേർട്ട് ഡ്രീം’. സൗദി റെയിൽവേ കമ്പനിയും ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പും ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചു.
40 ലക്ഷ്വറി കാബിനുകൾ അടങ്ങുന്ന ‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ ഈ വർഷം അവസാനം പ്രവർത്തന സജ്ജമാകുമെങ്കിലും അടുത്ത വർഷം അവസാന പാദത്തിലേ ഓടി തുടങ്ങൂ. സീറ്റ് ബുക്കിങ് ഈ വർഷം അവസാനം മുതൽ സ്വീകരിച്ച് തുടങ്ങും. ആദ്യ സർവിസ് തലസ്ഥാനമായ റിയാദിലെ നോർത്ത് ട്രെയിൻ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഹാഇൽ വഴി ഖുറയ്യാത്ത് ട്രെയിൻ സ്റ്റേഷനിൽ അവസാനിക്കും.
ആഡംബര ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നത് രാജ്യത്തെ ഗതാഗത മാർഗങ്ങളിലേക്ക് ഗുണനിലവാരമുള്ള സേവനങ്ങളും അധിക ഓപ്ഷനുകളും ചേർക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രിയും സൗദി അറേബ്യൻ റെയിൽവേ (സാർ) ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സ്വാലിഹ് അൽജാസർ പറഞ്ഞു. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ദേശീയ ഗതാഗത ലോജിസ്റ്റിക്സ് സ്ട്രാറ്റജിയുടെ സംരംഭങ്ങളിലൊന്നാണ് ഈ കരാർ. റെയിൽവേ ഗതാഗത, ലോജിസ്റ്റിക് സംവിധാനത്തിന് ഭരണകൂടത്തിൽനിന്നുള്ള ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയെ മന്ത്രി പ്രശംസിച്ചു. ഗതാഗത പാറ്റേണുകൾ വികസിപ്പിക്കുന്നതിനും ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങളും ഈ മേഖലയിലെ വിവിധ കക്ഷികളും തമ്മിലുള്ള സഹകരണത്തെ അഭിനന്ദിക്കുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ പദ്ധതിയിൽനിന്ന് ഉയർന്നുവരുന്ന ഗുണപരമായ സംരംഭങ്ങൾ നടപ്പാക്കുന്നതിലുള്ള സൗദി റെയിൽവേയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ‘ഡെസേർട്ട് ഡ്രീം’ ടെയിനെന്ന് ‘സാർ’സി.ഇ.ഒ ഡോ. ബശാർ അൽ മാലിക് പറഞ്ഞു. ഡെസേർട്ട് ഡ്രീം ട്രെയിനിെൻറ പ്രാരംഭ നിർമാണ ഘട്ടങ്ങൾ ഇറ്റലിയിൽ ആരംഭിച്ചതായി ആഴ്സനാലെ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ പൗലോ ബാർലെറ്റ പറഞ്ഞു. ഇതിനായി ആഴ്സനാലെ കമ്പനി 20 കോടി റിയാലിലധികമാണ് നിക്ഷേപിച്ചിരിക്കുന്നത്. ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ഇൻറർനാഷനൽ ഹോട്ടൽ ആൻഡ് റിസോർട്ട് മാനേജ്മെൻറ്, ആഡംബര യാത്ര എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയാണിത്.