തിരുവനന്തപുരം : എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും ചെയ്യുന്നത് ഒരു ബോധവുമില്ലാത്ത തരത്തിലാണെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ. ഗവർണര്‍ക്കെതിരെ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധത്തെ അതിരൂക്ഷമായി വിമർശിക്കുന്നുവെന്നും ദേവൻ കൂട്ടിച്ചേർത്തു.
‘‘രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ ഏറ്റവും ആവശ്യമുള്ളത് പൗരബോധം എന്നതാണ്. എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും ഈ ബോധം നഷ്ടപ്പെട്ട് ഗവർണറെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസുകാരെ ആക്രമിക്കുന്നു. ഇതൊക്കെ കേരളത്തിന്റെ സംസ്കാരത്തിനോ ഉന്നതിക്കോ പറ്റുന്നതല്ല. അതു നമ്മൾ എതിർക്കണം. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ചിന്തപോലെയാണ് മറ്റുള്ള പാർട്ടികളെങ്കിൽ, ബിജെപിയോ കോൺഗ്രസോ ആരുമായിക്കൊള്ളട്ടെ ഇവിടൊരു തെരുവുയുദ്ധം നടക്കില്ലേ?. ഇവിടൊരു ആഭ്യന്തര കലാപം നടക്കില്ലേ?
ബിജെപി ഇതു കണ്ടില്ലെന്നു നടിക്കുന്നത് സഹനശക്തി ഉള്ളതുകൊണ്ടാണ്. അവർക്ക് ശക്തിയില്ലാത്തതുകൊണ്ടല്ല. ഇത് കുറേ കിഴങ്ങൻമാർ ഇങ്ങനെ ഓടിച്ചാടി നടക്കുന്നു. അവരുടെ ഒരു നേതാവ് എന്തുചെയ്താലും പ്രശ്നമില്ല. അതു മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ ചെയ്താല്‍ തെറ്റ്. എസ്എഫ്ഐയുടെ ഈ പ്രതിഷേധത്തെ അതിരൂക്ഷമായി വിമർശിക്കുന്നു’’ – അദ്ദേഹം കൂട്ടിച്ചേർത്തു.