മലയാളിക്ക് എക്കാലത്തേയും പ്രിയപ്പെട്ട ഒരുപിടി സിനിമകൾ സമ്മാനിച്ച സംവിധായക പ്രതിഭയായിരുന്നു സിദ്ധിഖ്. പൊട്ടിച്ചിരികൾക്ക് പുതിയ ഭാവം നൽകി സിദ്ധിഖ് ലാൽ കൂട്ടുകെട്ട് മലയാള സിനിമയിൽ തൊട്ടതൊക്കെയും പൊന്നാക്കി. പിന്നീട് വഴിമാറി ഇരുവരും തങ്ങളുടെ വഴികളിൽ സഞ്ചരിച്ചപ്പോഴും പിഴച്ചില്ല.
ഫാസിലിന്റെ സംവിധാന സഹായിയായാണ് സിദ്ദിഖ് തന്റെ സംവിധാന ജീവിതം തുടങ്ങുന്നത്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും തന്റെ കൂടെ ചേർക്കുന്നതും.
റാംജി റാവു സ്പീക്കിംഗ് എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു സംവിധായകനായുള്ള അരങ്ങേറ്റം. പപ്പൻ പ്രിയപ്പെട്ട പപ്പനായിരുന്നു ആദ്യം തിരക്കഥയെഴുതിയ ചിത്രം.
ലാലുമായി ചേർന്ന് നിരവധി സിനിമകൾ സൃഷ്ടിക്കുകയും എല്ലാം സൂപ്പർ ഹിറ്റുകളാവുകയും ചെയ്തു. റാംജിറാവ് സ്പീക്കിങ്ങിൽ തുടങ്ങി. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളാണ് സിദ്ദിഖ്-ലാൽ കോമ്പോ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇരുവരും വേർപിരിഞ്ഞ ശേഷവും സിദ്ധിഖ് മലയാളി പ്രേക്ഷകരെ നല്ല ചിത്രങ്ങൾ കൊണ്ട് ആനന്ദിപ്പിച്ചു. ഹിറ്റ്ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലർ, ബോഡി ഗാർഡ്, ലേഡീസ് & ജെന്റിൽമാൻ, ഭാസ്ക്കർ ദ റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ സിദ്ധിഖിന്റെ സംവിധാനത്തിലെത്തി.
മലയാളം കൂടാതെ അന്യഭാഷകളിലും തന്റേതായ ഹിറ്റ് മുദ്രകൾ പതിപ്പിക്കാൻ സാധിച്ച അത്യപൂർവം വ്യക്തിത്വങ്ങളിലൊരാളായിരുന്നു സിദ്ധിഖ് എന്നതും ശ്രദ്ധേയമാണ്. മലയാളത്തിൽ തന്റെ സംവിധാനത്തിൽ ഹിറ്റായ ചിത്രങ്ങൾ തമിഴിലും ഹിന്ദിയിലും ഹിറ്റാക്കി സിദ്ധിഖ് കുറിച്ചത് പുതുചരിത്രങ്ങളായിരുന്നു. ഫ്രണ്ട്സ്, കാവലൻ, ബോഡിഗാർഡ് തുടങ്ങിയ സൂപ്പർഹിറ്റുകൾ ഉദാഹരണങ്ങളാണ്. തമാശയും വൈകാരിതയുമൊക്കെ ചേർത്തു വച്ച് മലയാള സിനിമയെ സമ്പന്നമാക്കിയ സിദ്ധിഖ് ചിത്രങ്ങൾ ഇനിയും നമ്മെ ആനന്ദിപ്പിച്ചുകൊണ്ടേ ഇരിക്കും.