കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പുലർച്ചയോടെ അമൃത ആശുപത്രിയിൽ നിന്ന് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കും. വൈകിട്ട് ആറ് മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം. രാവിലെ 8.30 ഓടെ കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ഭൌതിക ദേഹം കൊണ്ടുപോകും. രാവിലെ 9 മണി മുതൽ 12 മണിവരെയാണ് കൊച്ചിയിൽ പൊതുദർശനമുണ്ടാവുക. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.
കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെസിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായി. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്. മലയാളത്തില ചിരിപ്പടക്കത്തിന് തിരികൊളുത്തിയ അനേകം കഥാപാത്രങ്ങളെയും ഡയലോഗുകളെയും മലയാളികൾക്ക് സമ്മാനിച്ചാണ് സിദ്ദിഖെന്ന സംവിധായകന്റെ മടക്കം