Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദമയന്തിയായി കലക്ടർ ദിവ്യ എസ്.അയ്യർ വേദിയിലെത്തുന്നു

ദമയന്തിയായി കലക്ടർ ദിവ്യ എസ്.അയ്യർ വേദിയിലെത്തുന്നു

പത്തനംതിട്ട: ദമയന്തിയായി കലക്ടർ ദിവ്യ എസ്.അയ്യർ വേദിയിലെത്തുന്നു. ജില്ലാ കഥകളി ക്ലബിൻറെ നേതൃത്വത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ 9 മുതൽ 15 വരെ നടക്കുന്ന കഥകളി മേളയിലാണു കലക്ടറുടെ വേഷപ്പകർച്ച. ഒൻപതിനു രാവിലെ 11ന് ഹയർ സെക്കൻഡറി ക്ലാസിലെ കേശിനീ മൊഴി (നളചരിതം), പത്താം ക്ലാസ് മലയാള പാഠാവലിയിലെ പ്രലോഭനം (നളചരിതം) എന്നിവ അവതരിപ്പിക്കുന്നുണ്ട്.

ഇതിലാണു കലക്ടർ ദമയന്തിയാകുന്നത്. കേശിനിയായി കലാമണ്ഡലം വിഷ്ണുമോനും പുഷ്കരനായി കലാമണ്ഡലം അജീഷും കലിയായി കലാമണ്ഡലം അനന്തുവും അരങ്ങിലെത്തും. കഥകളി മേള അന്നു രാവിലെ 10.30ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിക്കും.നാട്യഭാരതി അവാർഡ് കഥകളി മദ്ദള വാദകൻ കലാമണ്ഡലം ശങ്കരവാര്യർക്കും, എസ്. ഗുപ്തൻനായർ അവാർഡ് കവി കെ. ജയകുമാറിനും നൽകും. കഥകളിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം ലഭിച്ച ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി.ആർ. വിമൽ രാജിനെ ചടങ്ങിൽ ആദരിക്കും.

എല്ലാ ദിവസവും വൈകിട്ട് 6.30ന് കഥകളി അവതരണമുണ്ടാകും. കിർമ്മീരവധം, തോരണയുദ്ധം, ദേവയാനീസ്വയംവരം, നരകാസുരവധം, രാജസൂയം (വടക്കൻ), നളചരിതം മൂന്നാം ദിവസം, നിഴൽക്കുത്ത് എന്നിവയാണു വിവിധ ദിവസങ്ങളിലായി അവതരിപ്പിക്കുക. 10 ന് 10.30 ന് കഥകളി ആസ്വാദനകളരി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ‍ 11 ന് 10.30 ന് മോഹിനിയാട്ടം സോദാഹരണ ക്ലാസ്സുകൾ കെ.യു. ജനീഷ് കുമാർ എംഎൽഎയും ഉദ്ഘാടനം ചെയ്യും. 13 ന് 10.30 ന് കഥകളി ആസ്വാദന കളരി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും.14 ന് 10 മുതൽ നടക്കുന്ന ക്ലാസിക്കൽ കലാമത്സരങ്ങൾ സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. 15ന് കഥകളിമേള സമാപന സമ്മേളനം ‌മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്നു പ്രസിഡൻറ് വി. എൻ. ഉണ്ണി,വർക്കിങ് പ്രസിഡൻറ്് ടി.ആർ.ഹരികൃഷ്ണൻ എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments